ശ്രീലങ്കയിലേക്ക് തമിഴ് പെൺകുട്ടിയുടെ സ്നേഹസമ്മാനം
text_fieldsസാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലേക്ക് തന്‍റെ പണപ്പെട്ടിയിലെ സമ്പാദ്യം സംഭാവന ചെയ്ത് തമിഴ്നാട്ടിലെ പെൺകുട്ടി. തമിഴ്നാട്ടിലെ രാമനാഥപുരത്തെ പെൺകുട്ടിയാണ് തന്‍റെ പണപ്പെട്ടിയിലെ 4,400 രൂപ ശ്രീലങ്കയിലേക്ക് സംഭാവന നൽകിയത്. അമ്മയോടൊപ്പം എത്തിയാണ് പെൺകുട്ടി ജില്ല കലക്ടർ ശങ്കർ ലാൽ കുമാവത്തിന് തുക കൈമാറിയത്.
ശ്രീലങ്കയിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിഞ്ഞാണ് തന്‍റെ സമ്പാദ്യം സംഭാവന ചെയ്യാൻ തീരുമാനമെടുത്തതെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷന്‍ ട്വീറ്റ് ചെയ്തിരുന്നു.
നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശ്രീലങ്കയ്ക്കായുള്ള സംസ്ഥാനത്തിന്‍റെ ഫണ്ടിലേക്ക് ഡി.എം.കെ ഒരു കോടി രൂപ സംഭാവന ചെയ്തതായി അറിയിച്ചിരുന്നു. ഡി.എം.കെയുടെ എം.പിമാർ തങ്ങളുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ശ്രീലങ്കൻ വിഷയത്തിൽ സ്റ്റാലിൻ നേരത്തെ കേന്ദ്ര സർക്കാരിന്‍റെ സഹായം തേടിയിരുന്നു. തുടർന്ന് അദ്ദേഹം സംസ്ഥാനത്തിന്‍റെ അഭ്യർഥന അംഗീകരിച്ചതിന് വിദേശകാര്യമന്ത്രാലയത്തോട് നന്ദി അറിയിക്കുകയും ശ്രീലങ്കയിലെ സ്ഥിതി ദയനീയമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ഭക്ഷണവും മരുന്നുമില്ലാതെ ദുരിതം അനുഭവിക്കുന്ന ശ്രീലങ്കൻ ജനതയെ സഹായിക്കുന്നതിനായി തമിഴ്നാട് സർക്കാരിന്‍റെ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ സ്റ്റാലിൻ ജനങ്ങളോടും അഭ്യർഥിച്ചിരുന്നു. ഇന്ധനക്ഷാമം നേരിടുന്നതിനായി ഇന്ത്യ ശ്രീലങ്കയ്ക്ക് 40,000 മെട്രിക് ടൺ പെട്രോൾ നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച അർധരാത്രി ചേർന്ന പ്രത്യേക കാബിനറ്റ് യോഗത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്‍റ് ഗോടബയ രാജ്പക്സ അറിയിച്ചു. ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഭരണക്കൂടത്തിനെതിരെയുള്ള ബഹുജന പ്രക്ഷോഭത്തെതുടർന്ന് ഏപ്രിൽ ഒന്നിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏപ്രിൽ അഞ്ചോടെ പിൻവലിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും അശാന്തിയും നേരിടാൻ വിവേകത്തോടെയും സമാധാനത്തോടെയും സഹകരിക്കാൻ ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചിരിക്കുകയാണ്. എല്ലാ സുരക്ഷ ഉദ്യോഗസ്ഥരുടേയും അവധി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.