ആയിരങ്ങൾ പലായനം ചെയ്യുന്നു; ഉർദുഗാൻ അസർബൈജാനിൽ
text_fieldsബകു: ആയിരക്കണക്കിന് അർമീനിയൻ വംശജർ അസർബൈജാനിൽനിന്ന് പലായനം ചെയ്യുന്നതിനിടെ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സുഹൃദ്രാജ്യമായ അസർബൈജാനിലെത്തി. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായി ഉർദുഗാൻ കൂടിക്കാഴ്ച നടത്തി. അർമീനിയൻ വിമതർക്കെതിരായ പോരാട്ടത്തിന് അസർബൈജാന് തുർക്കിയയുടെ പിന്തുണയുണ്ട്.
അന്താരാഷ്ട്രതലത്തിൽ അസർബൈജാന്റെ ഭാഗമായി അംഗീകരിക്കപ്പെട്ട പ്രദേശമായ നഗാർണോ-കരാബക്കിലെ വിഘടനവാദികൾക്കെതിരെ കഴിഞ്ഞയാഴ്ച അസർബൈജാൻ സൈനിക നടപടി സ്വീകരിച്ചിരുന്നു. മേഖലയിലെ അർമീനിയൻ സൈനിക യൂനിറ്റുകൾക്കുനേരെയും ആക്രമണം നടത്തി. സൈനിക നടപടിയിൽ 200ലധികം പേർ കൊല്ലപ്പെടുകയും 400 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സോവിയറ്റ് യൂനിയന്റെ തകർച്ചക്ക് ശേഷം ഇരു രാജ്യങ്ങളും നഗാർണോ-കരാബക് മേഖലയിൽ അവകാശവാദം ഉന്നയിക്കുന്നു. 1988 മുതൽ 1994 വരെ നടന്ന ഒന്നാം കരാബക് യുദ്ധത്തിൽ അർമീനിയ മേഖലയിൽ ആധിപത്യം നേടിയെങ്കിലും തുർക്കിയയുടെ പിന്തുണയോടെ 2020ലെ രണ്ടാം യുദ്ധത്തിൽ അസർബൈജാൻ നിയന്ത്രണം തിരിച്ചുപിടിച്ചു. എങ്കിലും അർമീനിയൻ അനുകൂലികൾക്ക് മേഖലയിൽ സ്വാധീനമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ചത്തെ സൈനിക നടപടിയിലൂടെ അസർബൈജാൻ ഇവരെ ദുർബലമാക്കി. അസർബൈജാനിൽ അരക്ഷിതാവസ്ഥ നേരിടുന്ന അർമീനിയൻ വംശജരെ സ്വീകരിക്കാൻ തയാറാണെന്ന് അർമീനിയൻ പ്രധാനമന്ത്രി നികോൾ പഷിൻയാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ പലായനം സജീവമായി.
തിങ്കളാഴ്ച 3000ത്തോളം പേർ അർമീനിയൻ അതിർത്തി കടന്നു. അർമീനിയൻ വംശജരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് അസർബൈജാൻ ഭരണകൂടം ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും അവർക്ക് വിശ്വാസമില്ല. 1,20,000ത്തോളം അർമീനിയൻ വംശജർ നഗാർണോ-കരാബക് മേഖലയിലുണ്ട്. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കാൻ സംവിധാനമൊരുക്കണമെന്ന് അർമീനിയ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.