വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട് ഗസ്സയിലെ പതിനായിരക്കണക്കിന് കുട്ടികൾ
text_fieldsഗസ്സ സിറ്റി: ഗസ്സയി 800,000ത്തിലധികം വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെട്ട വേളയിലും ഈ അധ്യയന വർഷത്തേക്കുള്ള ഹൈസ്കൂൾ പരീക്ഷകൾ ആരംഭിച്ചിരിക്കുകയാണെന്ന് ഗസ്സ വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയെഴുതാൻ കഴിയാത്ത 40,000 ഹൈസ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ 2023 ഒക്ടോബർ 7 മുതൽ സ്‌കൂളിന് പുറത്താണ്. ഇത് സമാനതകളില്ലാത്തതും ഗുരുതരവുമായ അവകാശ ലംഘനമാണ്. ഇതവരുടെ ഭാവിയിൽ ഭീഷണിയാവുമെന്നും സ്വദേശത്തും വിദേശത്തുമുള്ള കോളജുകളിലും സർവകലാശാലകളിലും ചേരാനുള്ള അവസരങ്ങൾ ഇല്ലാതാക്കുമെന്നും മന്ത്രാലയം പറഞ്ഞു.
യുദ്ധത്തിന്റെ തുടക്കം മുതൽതന്നെ ഇസ്രായേൽ ബോധപൂർവം കുട്ടികളെയും സ്ത്രീകളെയും മറ്റ് സാധാരണക്കാരെയും ലക്ഷ്യമിടുന്നു. ആയിരക്കണക്കിന് വിദ്യാർഥികളും വിദ്യാഭ്യാസ പ്രവർത്തകരും ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും അറസ്റ്റിലാവുകയും ചെയ്തു. വളരെ ആസൂത്രിതമായ ലക്ഷ്യത്തിന്റെ ഫലമായി 85 ശതമാനത്തിലധികം വിദ്യാഭ്യാസ സംവിധാനങ്ങളും പ്രവർത്തിക്കാനാവാത്തവിധം നശിച്ചിരിക്കുന്നു. യുദ്ധം അവസാനിച്ചശേഷം വിദ്യാഭ്യാസ പ്രക്രിയ പുനഃരാരംഭിക്കുന്നതിനുള്ള പ്രധാന വെല്ലുവിളിയാണിതെന്നും മന്ത്രാലയം പറയുന്നു.
അതിനിടെ, പോഷകാഹാരക്കുറവ് മൂലം ആശുപത്രിയിൽ മരിച്ച കുട്ടികളുടെ എണ്ണം ഒരാഴ്ചക്കിടെ നാലായതായി കമൽ അദ്വാൻ ആശുപത്രി ഡയറക്ടർ അറിയിച്ചു. ഗസ്സയിലെ പത്ത് ലക്ഷത്തിലധികം ഫലസ്തീനികൾ ജൂലൈ പകുതിയോടെ ഏറ്റവും ഉയർന്ന പട്ടിണി അനുഭവിക്കുമെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഇസ്രായേൽ ഉപരോധം തുടരുന്നതിനാൽ ഭക്ഷണത്തിന്റെയും സഹായത്തിന്റെയും അഭാവം മൂലം പട്ടിണി രൂക്ഷമാവുകയാണ്.
‘ഞങ്ങൾക്ക് ഒരു റൊട്ടി കണ്ടെത്താൻ പോലും കഴിയുന്നില്ല. ഇനി കിട്ടിയാൽ തന്നെ മറ്റ് ഭക്ഷണ പദാർത്ഥങ്ങളൊന്നുമില്ലാതെ അത് മാത്രം കഴിക്കുന്നു’- ഗസ്സ നിവാസിയായ സാബർ അഹ്മദ് സിഹ്‌വെൽ പറയുന്നു. ‘ഞങ്ങൾക്ക് വരുമാനമില്ല. മാന്യമായ ഭക്ഷണം വാങ്ങാൻ കഴിയുന്നില്ല. ഞാനും എന്റെ കുട്ടികളും ദിവസത്തിൽ ഒരിക്കൽ റൊട്ടി മാത്രം കഴിക്കുന്നു. ഫ്രിഡ്ജ് പൂർണമായും ശൂന്യമാണ്. വെള്ളം പോലുമില്ല. എന്റെ കുട്ടികൾ പട്ടിണി കിടന്ന് മരിക്കുകയാണെന്ന് അദ്ദേഹം പരിതപിക്കുന്നു. 11 അംഗങ്ങളുണ്ട് ഈ കുടുംബത്തിൽ. ഇസ്രായേലിന്റെ നിരന്തരമായ ആക്രമണങ്ങളിൽ മരണത്തിൽനിന്ന് രക്ഷപ്പെടുമ്പോഴും തന്റെ മക്കളെ ജീവനോടെ നിലനിർത്താൻ പാടുപെടുകയാണ് സിഹ്‌വെൽ.
ഇത്തരം പതിനായിരങ്ങളാണ് മരണത്തിനും പട്ടിണിക്കുമിടയിൽ നരക യാതന അനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.