പേമാരി, പ്രളയം: ലിബിയയിൽ മരണം 5200 കടന്നു
text_fieldsട്രിപളി: ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പേമാരി ദുരന്തത്തിൽ ലിബിയയിൽ 5200 പേർ മരിച്ചു. കിഴക്കൻ ലിബിയയിൽ പതിനായിരത്തോളം പേരെ കാണാതായി. ഡെർനയിലാണ് ഏറ്റവുമധികം ദുരിതമുണ്ടായത്. ഇവിടെമാത്രം മരണം ആയിരത്തിലധികം വരും.
കടലോര നഗരങ്ങളിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാനും രക്ഷാപ്രവർത്തനത്തിനും അധികൃതർ കഷ്ടപ്പെടുകയാണ്. ഡെർനയിൽ പലയിടത്തും പേമാരിയിൽ അണക്കെട്ടുകൾ പൊട്ടി നഗരങ്ങളിൽ വെള്ളപ്പാച്ചിലുണ്ടായി. ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ മുങ്ങി.
ചില ജനവാസകേന്ദ്രങ്ങൾ ഒന്നാകെ ഒലിച്ചുപോയി. വൻ ദുരന്തത്തിനാണ് ലിബിയ സാക്ഷ്യം വഹിക്കുന്നതെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും റെഡ് ക്രോസ്-റെഡ് ക്രസന്റ് സൊസൈറ്റിയിലെ ലിബിയ പ്രതിനിധി ടെയ്മർ റമദാൻ പറഞ്ഞു. ഡെർനയിലെ ദുരന്തം രാജ്യത്തിന് കൈകാര്യം ചെയ്യാനാവുന്നതിലപ്പുറമാണെന്ന് കിഴക്കൻ ലിബിയൻ പ്രധാനമന്ത്രി ഉസാമ ഹമദ് പറഞ്ഞു.
പ്രധാന നഗരമായ ബെൻഗാസിയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ പ്രദേശത്തെ സ്കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലും അഭയം തേടിയിരിക്കുകയാണ്. കഴിഞ്ഞദിവസം ഒരൊറ്റ ഖബർസ്ഥാനിൽ മാത്രം 200പേരെ ഖബറടക്കിയെന്ന് ഡെർനയിലെ തൊഴിലാളികൾ പറഞ്ഞു.
തലസ്ഥാനമായ ട്രിപളിയിൽനിന്ന് 900 കിലോമീറ്റർ കിഴക്കാണ് ഡെർന. കിഴക്കൻ ലിബിയൻ സർക്കാർ അനുകൂലിയായ സൈനിക കമാൻഡർ ഖലീഫ ഹിഫ്തറാണ് ഇവിടം ഭരിക്കുന്നത്. പത്തു വർഷത്തിലധികം നീണ്ട സംഘർഷങ്ങളെ തുടർന്ന് പരസ്പരം പോരടിച്ചുനിൽക്കുന്ന രണ്ട് ഭരണകൂടങ്ങളാണ് ഇപ്പോൾ വടക്കൻ ആഫ്രിക്കൻ രാജ്യമായ ലിബിയയെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.