സിറിയയിൽ വിമത പോരാട്ടം രൂക്ഷം; പലായനം ചെയ്ത് ആയിരങ്ങൾ
text_fieldsഡമസ്കസ്: പ്രസിഡന്റ് ബശ്ശാർ അൽഅസദിന് കനത്ത വെല്ലുവിളി ഉയർത്തി സിറിയയിൽ വിമതരുടെ മുന്നേറ്റം. രാജ്യത്തെ സുപ്രധാന മൂന്നാമത്തെ നഗരമായ ഹിംസ് പിടിച്ചടക്കാൻ സൈന്യവുമായി രൂക്ഷ പോരാട്ടത്തിലാണ് വിമതർ. ഹിംസിന്റെ ഭരണ നിയന്ത്രണത്തിലുള്ള റസ്താൻ, തൽബീസ പട്ടണങ്ങൾ പിടിച്ചതായും നഗരത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ എത്തിയതായും വിമത സായുധ വിഭാഗമായ ഹൈഅത് തഹ്‍രീർ അശ്ശാം തലവൻ റമി അബ്ദുർറഹ്മാൻ അറിയിച്ചു.
ഏറ്റുമുട്ടൽ കനത്തതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ ഹിംസിൽനിന്ന് പലായനം ചെയ്തു. അസദ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ തീരമേഖലയിലേക്കാണ് കുടുംബങ്ങൾ പലായനം ചെയ്തതെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൺ റൈറ്റ്സ് അറിയിച്ചു.
തലസ്ഥാനമായ ഡമസ്‌കസിനെ അസദിന്റെ ശക്തികേന്ദ്രങ്ങളായ തീരപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന നഗരമാണ് ഹിംസ്. അലപ്പോ, ഹമാ നഗരങ്ങളിൽനിന്ന് സൈന്യം പിന്മാറിയതോടെയാണ് വിമതർ നിയന്ത്രണം ഏറ്റെടുത്തത്. സിറിയയിൽ വീണ്ടും ശക്തിയാർജിച്ച ആഭ്യന്തര സംഘർഷത്തിൽ ഒരാഴ്ചക്കിടെ 2.80 ലക്ഷം പേർ അഭയാർഥികളായതായി യു.എൻ ലോക ഭക്ഷ്യ പദ്ധതി തലവൻ സമീർ അബ്ദുൽ ജാബിർ പറഞ്ഞു. സംഘർഷം തുടരുകയാണെങ്കിൽ 15 ലക്ഷം പേർ കുടിയൊഴിപ്പിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതിനിടെ, സിറിയ -ലബനാൻ അതിർത്തിയിലെ രണ്ട് പ്രവേശന കവാടങ്ങളിൽ ഇസ്രായേൽ വ്യോമസേന ബോംബിട്ടു. സിറിയൻ അതിർത്തി ഭാഗത്തുള്ള അറീദ, ജൂസിയേ കവാടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഹിംസ് മേഖലയിലേക്കുള്ള സുപ്രധാന വഴികളാണ് ഇസ്രായേൽ തകർത്തതെന്ന് ലബനാൻ ഗതാഗത മന്ത്രി അലി ഹാമിയെ പറഞ്ഞു. അതിർത്തി പ്രദേശത്ത് വ്യോമാക്രമണം നടത്തിയ കാര്യം ഇസ്രായേൽ സേന സ്ഥിരീകരിച്ചു. അസദിനെ പിന്തുണക്കുന്ന ഹിസ്ബുല്ലയുടെ ആയുധ കേന്ദ്രങ്ങളിലാണ് ബോംബിട്ടതെന്ന് സേന അവകാശപ്പെട്ടു.
സിറിയയിൽ 2011 മാർച്ചിൽ ജനകീയ പ്രക്ഷോഭം തുടങ്ങിയ ശേഷം അസദ് ഭരണകൂടത്തിനെതിരെ ഏറ്റവുമധികം ജനകീയ പ്രതിഷേധം നടന്ന നഗരമാണ് ഹിംസ്. രണ്ടു വർഷം നീണ്ട ഏറ്റുമുട്ടലുകൾക്കും ബോംബ് വർഷങ്ങൾക്കും ശേഷം 2014ലാണ് മേഖല അസദ് ഭരണകൂടം തിരിച്ചുപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.