കിഴക്കിൽ കേന്ദ്രീകരിച്ച് റഷ്യ, ഡോൺബാസ് വിട്ട് ആയിരങ്ങൾ
text_fieldsകിയവ്: യുക്രെയ്നിലെ ഡോൺബാസിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യുന്നതായി റിപ്പോർട്ടുകൾ. തലസ്ഥാനമായ കിയവിൽനിന്ന് പിന്മാറിയ റഷ്യ രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ആക്രമണം കടുപ്പിച്ചതോടെയാണിത്. കുടുംബങ്ങൾ ദിവസങ്ങളായി ക്രാമാറ്റോർസ്ക് സെൻട്രൽ സ്റ്റേഷനിൽ ക്യൂവിലാണ്. വീടുവിട്ടോടുന്നവർ പ്രിയപ്പെട്ടവരോട് വിടപറയുന്ന കാഴ്ചയും ഹൃദയഭേദകമാണ്.
യുക്രെയ്നിന്റെ കിഴക്കൻ മേഖലയായ ലുഹാൻസ്കിലെ റൂബിഷ്നെ നഗരത്തിന്റെ 60 ശതമാനവും റഷ്യൻ സൈന്യം പിടിച്ചെടുത്തതായി ഗവർണർ അറിയിച്ചു. 24 മണിക്കൂറിനിടെ 81 മോർട്ടാർ, പീരങ്കികൾ, റോക്കറ്റ് ആക്രമണങ്ങൾ പ്രദേശത്തുടനീളം റഷ്യ നടത്തിയതായി ഗവർണർ സെർഹി ഹൈദായി പറഞ്ഞു. വുഹ്ലെദാർ പട്ടണത്തിലെ മനുഷ്യ സഹായ വിതരണ കേന്ദ്രത്തിൽ റഷ്യൻ പീരങ്കി ആക്രമണത്തിൽ രണ്ട് സിവിലിയന്മാർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡൊണെറ്റ്സ്കിലെ ഗവർണർ പാവ്ലോ കൈറിലെങ്കോ പറഞ്ഞു. .
മരിയുപോളിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെയടക്കം 11 മാനുഷിക ഇടനാഴികളിലൂടെ ഒഴിപ്പിക്കാൻ ശ്രമിക്കുമെന്ന് ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു. ലുഹാൻസ്ക് മേഖലയിൽ നിന്ന് 1,080 പേർ ഉൾപ്പെടെ 3,846 പേരെ ചൊവ്വാഴ്ച ഒഴിപ്പിച്ചതായി ഐറിന അറിയിച്ചു. ആളുകളെ ഒഴിപ്പിക്കാൻ ബസുകൾ എത്തിക്കാനുള്ള ശ്രമങ്ങൾ ആവർത്തിച്ച് പരാജയപ്പെട്ടിരുന്നു.
അതിനിടെ ഹോസ്റ്റോമെൽ പട്ടണത്തിൽനിന്ന് 400ലധികം പേരെ കാണാതായതായി യുക്രെയ്ൻ ഉദ്യോഗസ്ഥർ പറയുന്നു.
12 റഷ്യൻ നയതന്ത്രജ്ഞരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതായി ഗ്രീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൂട്ടക്കൊലയെ അപലപിച്ച ഫ്രാൻസിസ് മാർപാപ്പ ബുച്ച പട്ടണത്തിൽനിന്ന് അയച്ച യുക്രെയ്ൻ പതാകയിൽ ചുംബിച്ചു. ആശ്വാസത്തിനും പ്രതീക്ഷക്കും പകരം യുക്രെയ്നിൽനിന്ന് ക്രൂരതകളുടെ വാർത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നതെന്ന് വത്തിക്കാനിലെ ഓഡിറ്റോറിയത്തിൽ തന്റെ പ്രതിവാര സദസ്സിന്റെ അവസാനം മാർപാപ്പ പറഞ്ഞു. 'ഈ യുദ്ധം നിർത്തൂ, ആയുധങ്ങൾ നിശ്ശബ്ദമാകട്ടെ' അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.