‘ഈ ഷൂസുകൾ അണിയാൻ പിഞ്ചുകാലുകളില്ല...’; ഗസ്സയിലെ കുരുന്നുകളുടെ ഓർമയിൽ ഡച്ച് നഗരം -Video
text_fieldsയൂട്രെക്ട് (നെതർലൻഡ്സ്): നോക്കെത്താദൂരത്തോളം പുതുപുത്തൻ കുഞ്ഞുഷൂസുകൾ നിരത്തിവെച്ചിരിക്കുന്നു... ഓരോ 10 മിനിട്ടിലും ഓരോ ജോഡി ഷൂസ് കൂടി ഇതോടൊപ്പം ഇടംപിടിക്കുന്നു... എണ്ണം നൂറിൽനിന്ന് ആയിരമായും പതിനായിരമായും ഉയരുന്നു...
പൂക്കളെ പോലെ ചിരിച്ചും പൂമ്പാറ്റകളെ പോലെ പാറിപ്പറന്നും ഈ ഷൂസുകൾ ധരിച്ച് മണ്ണിൽ കലപിലകൂട്ടേണ്ടിയിരുന്ന കുരുന്നുകളുടെ ഓർമയ്ക്ക് മുന്നിൽ ഇവ നിശ്ചലമായി നിരന്നുകിടന്നു. ഗസ്സയിലെ കൂട്ടക്കുഴിമാടങ്ങളിലും തകർന്ന കെട്ടിടങ്ങളുടെ കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിലും മരിച്ചുകിടക്കുന്ന 14,000 കുരുന്നുകളുടെ വിയോഗത്തെ പലവർണത്തിലുള്ള ഈ ഷൂസുകൾ ഓർമിപ്പിച്ചു.
ഗസ്സ മുനമ്പിൽ കഴിഞ്ഞ നാല് മാസത്തിനിടെ ജീവൻ നഷ്ടപ്പെട്ടതും ഇപ്പോഴും ബോംബാക്രമണത്തിലും പട്ടിണികിടന്നും മരിച്ചുകൊണ്ടിരിക്കുന്നതുമായ കുട്ടികളെ കുറിച്ച് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാനായിരുന്നു ഈ പ്രദർശനം. നെതർലൻഡ്സ് നഗരമായ യൂട്രെക്റ്റിലെ വ്രെഡൻബർഗ്പ്ലെയിൻ ചത്വരത്തിൽ ഞായറാഴ്ചയായിരുന്നു പരിപാടി. ‘പ്ലാൻറ് ആൻ ഒലിവ് ട്രീ ഫൗണ്ടേഷൻ’ ആണ് സംഘാടകർ.
‘ഗസ്സ മുനമ്പിലെ കുട്ടികൾ ഇസ്രായേൽ തൊടുത്തുവിടുന്ന ബോംബുകളും ഷെല്ലുകളും കൊണ്ടുമാത്രമല്ല, പട്ടിണിയും ദാഹവും മൂലവും കൊല്ലപ്പെടുന്നു. പ്രദേശത്ത് ദുരിതാശ്വാസ സാമഗ്രികൾ എത്തുന്നില്ല. ശരാശരി, ഓരോ 10 മിനിറ്റിലും ഒരു ഫലസ്തീനിയൻ കുഞ്ഞ് മരിക്കുന്നു” -പ്ലാൻറ് ആൻ ഒലിവ് ട്രീ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.
വടക്കൻ ഗസ്സയിൽ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണം ഒരു മാസത്തിനുള്ളിൽ ഇരട്ടിയായതായി യൂനിസെഫ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.