ശ്രീലങ്കയിൽ പ്രസിഡന്റിന്റെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം; വാഹനങ്ങൾക്ക് തീയിട്ടു, 45 പേർ അറസ്റ്റിൽ
text_fieldsകൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ശ്രീലങ്കയിൽ പ്രസിഡന്റിന്റെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം. വ്യാഴാഴ്ച വൈകീട്ട് പ്രസിഡന്റ് ഗോട്ടബായ രജപക്സെയുടെ വസതിക്ക് മുന്നിൽ 5,000ത്തോളം പേരാണ് തടിച്ചുകൂടിയത്. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി വാഹനങ്ങൾക്ക് തീവെക്കുകയും ചെയ്തു.
പ്രസിഡന്റ് വസതിക്ക് മുന്നിൽ പ്രതിഷേധിച്ച 45 പേർ അറസ്റ്റിലായെന്ന് ലങ്കൻ പൊലീസ് അറിയിച്ചു. അഞ്ച് പൊലീസുകാർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരു ബസും രണ്ട് പൊലീസ് ജീപ്പും രണ്ട് മോട്ടോർ ബൈക്കുകളും പ്രക്ഷോഭകാരികൾ തീവെച്ചു നശിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു.
പ്രതിഷേധം ശക്തമായതോടെ ലങ്കയുടെ വിവിധ ഭാഗങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു. കൊളംബോയുടെ നാല് പൊലീസ് ഡിവിഷണുകളിലാണ് കർഫ്യു. കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ഡീസൽ തീർന്നതിനെ തുടർന്ന് കടുത്ത പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് പൊതുജനങ്ങളുടെ പ്രതിഷേധവും ശക്തമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.