കണ്ണീരൊഴുക്കി ഇറാൻ: അന്തിമോപചാരമർപ്പിച്ച് ആയിരങ്ങൾ; റഈസിയുടെ ഖബറടക്കം നാളെ ജന്മനാട്ടിൽ
text_fieldsതെഹ്റാൻ: ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട രാഷ്ട്രനായകന് കണ്ണീരിൽ കുതിർന്ന അന്തിമോപചാരമർപ്പിച്ച് ഇറാൻ ജനത. പ്രസിഡന്റ് ഇബ്രാഹിം റഈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ എന്നിവരടക്കം എട്ടുപേരുടെ മൃതദേഹവുമായി തബ്രീസ് നഗരത്തിൽ നടന്ന വിലാപയാത്രയിൽ ആയിരങ്ങളാണ് അണിനിരന്നത്. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച തുറന്ന വാഹനത്തിനിരുവശത്തും നിന്ന് ദേശീയപതാക വീശിയും പുഷ്പവൃഷ്ടി നടത്തിയും അവർ ജനനായകർക്ക് വിട നൽകി. തുടർന്ന് ഖും നഗരത്തിലും വിലാപയാത്ര നടന്നു.
ബുധനാഴ്ച തെഹ്റാനിലെത്തിച്ചശേഷം നടക്കുന്ന മയ്യിത്ത് നമസ്കാരത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ നേതൃത്വം നൽകും. ബുധനാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. റഈസിയുടെ ഖബറടക്കം വ്യാഴാഴ്ച ജന്മനഗരമായ മശ്ഹദിലാണ്. അഞ്ചുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം വെള്ളിയാഴ്ച വരെയാണ്. പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂൺ 28ന് നടക്കും.
അതേസമയം, ഹെലികോപ്ടർ അപകടത്തെക്കുറിച്ച് ഇറാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൈനിക മേധാവി മേജർ ജനറൽ മുഹമ്മദ് ഹുസൈൻ ബാഖിരിയുടെ നിർദേശാനുസരണമാണ് ഉന്നതതല സംഘത്തെ നിയോഗിച്ചത്. ഇവർ അസർബൈജാൻ അതിർത്തിയിലെ അപകടസ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. അന്വേഷണത്തിന് റഷ്യൻ സഹായവുമുണ്ടാകും.
അട്ടിമറി സാധ്യത തള്ളിയ ഇറാൻ വൃത്തങ്ങൾ മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന നിഗമനത്തിലാണിപ്പോൾ. യു.എസ് നിർമിത ബെൽ 212 ഹെലികോപ്ടറിന്റെ കാലപ്പഴക്കവും അപകടത്തിന് വഴിവെച്ചിരിക്കാം. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മൂലം യന്ത്രഭാഗങ്ങളുടെ ലഭ്യത കുറഞ്ഞതിനാൽ ഹെലികോപ്ടറിന്റെ അറ്റകുറ്റപ്പണി യഥാസമയം നടന്നിരുന്നില്ല.
എന്നാൽ, കനത്ത മൂടൽമഞ്ഞുണ്ടായിരുന്നിട്ടും പ്രസിഡന്റിന്റെ ഹെലികോപ്ടറിന് യാത്രാനുമതി എങ്ങനെ ലഭിച്ചുവെന്നതും അന്വേഷണവിധേയമാക്കും. അതിനിടെ, ഹെലികോപ്ടറിന്റെ ട്രാൻസ്പോണ്ടർ പ്രവർത്തിച്ചിരുന്നില്ലെന്ന് തുർക്കിയ രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രാൻസ്പോണ്ടർ സിഗ്നൽ ലഭിച്ചിരുന്നുവെങ്കിൽ ഹെലികോപ്ടർ തകർന്നുവീണത് എവിടെയെന്ന് വളരെ വേഗം കണ്ടെത്താനാകുമായിരുന്നു.
ഉപരാഷ്ട്രപതി പങ്കെടുക്കും
ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഖബറടക്ക ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുക്കും. ബുധനാഴ്ച അദ്ദേഹം ഇറാനിലേക്ക് തിരിക്കും. നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യയിൽ ചൊവ്വാഴ്ച ദുഃഖാചരണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.