അതിശൈത്യം; ഗസ്സയിൽ നവജാത ശിശുക്കൾ മരവിച്ച് മരിച്ചു
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ അതിശൈത്യത്തിൽ മൂന്ന് നവജാതശിശുക്കൾ തണുത്ത് മരിച്ചു. തെക്കൻ ഗസ്സയിലെ അൽ മവാസി അഭയാർഥി ക്യാമ്പിലാണ് 48 മണിക്കൂറിനിടെ കുട്ടികൾ കടുത്ത തണുപ്പിൽ മരവിച്ച് മരിച്ചത്. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഡോ. മുനീർ അൽ ബുർഷ് അറിയിച്ചു.
ഗസ്സയിലെ കുറഞ്ഞ താപനിലയും അഭയാർഥി ക്യാമ്പിലെ വീടുകളിൽ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
മരിച്ച മൂന്ന് ആഴ്ച മാത്രം പ്രായമുള്ള സില മഹമ്മൂദ് അൽ ഫസീഹ് സുഖപ്രസവത്തിൽ ജനിച്ച ആരോഗ്യമുള്ള കുഞ്ഞായിരുന്നെന്നും ടെന്റിലെ അതിശക്തമായ തണുപ്പിൽ ആരോഗ്യനില മോശമാവുകയായിരുന്നെന്നും ഖാൻ യൂനിസിലെ നാസർ ആശുപത്രിയുടെ കുട്ടികളുടെ വാർഡിന്റെ ഡയറക്ടറായ അഹമദ് അൽ ഫറ പറഞ്ഞു.
റഫയുടെ പടിഞ്ഞാറുള്ള തീരപ്രദേശമായ അൽ മവാസിയിൽ കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികളാണ് അഭയം തേടിയിരിക്കുന്നത്. തുണിയും നൈലോണും കൊണ്ട് നിർമിച്ച താൽക്കാലിക ടെന്റുകളിലാണ് ഇവരുടെ താമസം. കുടുംബം ഇവിടെ മോശം സാഹചര്യത്തിലാണ് കഴിയുന്നതെന്ന് സിലയുടെ പിതാവ് മഹമൂദ് അൽ ഫസീഹ് പറഞ്ഞു. മണലിലാണ് കിടന്നുറങ്ങുന്നതെന്നും ആവശ്യത്തിന് പുതപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
14 മാസമായി ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ സകലതും നഷ്ടപ്പെട്ട ഗസ്സക്കാർക്ക് ശൈത്യകാലത്തെ കൊടും തണുപ്പ് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. കുഞ്ഞുങ്ങളെ തുണികളിൽ പൊതിഞ്ഞ് ശരീരതാപനില ക്രമീകരിക്കാനാണ് മാതാപിതാക്കൾ ശ്രമിക്കുന്നത്.
എന്നാൽ, വസ്ത്രങ്ങൾ കുറവായതിനാൽ അധികനേരം ഇത് തുടരാൻ സാധിക്കുന്നില്ല. തണുപ്പ് കൂടുമ്പോൾ കുഞ്ഞുങ്ങളുടെ മുഖം നീലനിറമായി മാറിയതായും ബന്ധുക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.