സുരക്ഷ മുന്നറിയിപ്പ്: ഫ്രാൻസിലെ മൂന്നു വിമാനത്താവളങ്ങൾ ഒഴിപ്പിച്ചു
text_fieldsപാരിസ്: സുരക്ഷ മുന്നറിയിപ്പിനെത്തുടർന്ന് ഫ്രാൻസിലെ മൂന്നു വിമാനത്താവളങ്ങൾ ഒഴിപ്പിച്ചു. തെക്കുകിഴക്കൻ നഗരമായ ലിയോൺ, തെക്കൻ നഗരമായ ടൂളൂസ്, വടക്കൻ ഫ്രാൻസിലെ ലില്ലെ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് ബുധനാഴ്ച ഒഴിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വടക്കൻ നഗരമായ അരാസിൽ അധ്യാപകൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ലൂവ്രെ മ്യൂസിയവും വെർസൈൽസ് കൊട്ടാരവും ഒഴിപ്പിച്ചിരുന്നു. അതേസമയം, ബുധനാഴ്ച വരെയുള്ള എല്ലാ ഭീഷണികളും വ്യാജമാണെന്ന് തെളിഞ്ഞതായും പൊലീസ് പറഞ്ഞു. വിമാനത്താവളങ്ങളിൽ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശം ഇ-മെയിൽ വഴിയാണ് ലഭിച്ചത്. എന്നാൽ, സന്ദേശത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല.
വിമാനത്താവളത്തിലെ ഭീഷണി വ്യാജമായിരുന്നുവെന്ന് ലിയോൺ ഭരണകൂടം അറിയിച്ചു. വ്യാജ സന്ദേശങ്ങൾ അയക്കുന്നവർക്ക് ജയിൽശിക്ഷക്ക് പുറമെ കനത്ത പിഴയും ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതിനിടെ, ഉടമസ്ഥനില്ലാത്ത ലഗേജ് കണ്ടെത്തിയതിനെത്തുടർന്ന് റിവിയേര നഗരത്തിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം അൽപനേരം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.