താലിബാൻ സ്വാധീനമേഖലയിൽ നിന്ന് ഇന്ത്യൻ എൻജിനീയർമാരെ രക്ഷപ്പെടുത്തി
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ താലിബാൻ സ്വാധീന മേഖലയിൽ നിന്ന് മൂന്ന് ഇന്ത്യൻ എൻജിനീയർമാരെ രക്ഷപ്പെടുത്തി. അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എൻജിനീയർമാരെയാണ് വ്യോമമാർഗം അഫ്ഗാൻ സുരക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. കാബൂളിനെ ഇന്ത്യൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്.
താലിബാൻ അഫ്ഗാൻ പ്രവിശ്യകൾ കീഴടക്കുന്നതിനിടെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷക്കായി എംബസി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമങ്ങൾ വൻതോതിൽ വർധിക്കുന്നതിനാൽ മുഴുവൻ ഇന്ത്യൻ പൗരന്മാരും വാണിജ്യ വിമാന സർവീസുകൾ നിർത്തലാക്കുന്നതിന് മുമ്പായി നാട്ടിലേക്ക് മടങ്ങാൻ അടിയന്തര ക്രമീകരണങ്ങൾ ചെയ്യണം.
രാജ്യത്തുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകർ കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം. കാബൂളിലെ ഇന്ത്യൻ എംബസി സമയബന്ധിതമായി പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ പൗരന്മാർ പൂർണമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അഫ്ഗാനിസ്താൻ പ്രധാന നഗരമായ കാന്തഹാർ താലിബാൻ പിടിച്ചതായാണ് റിപ്പോർട്ട്. കാന്തഹാറിലെ ഗവർണർ ഓഫീസ് താലിബാൻ പിടിച്ചെടുത്തുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.
താലിബാൻ അധികാരം പിടിക്കുന്ന 12ാമത്തെ നഗരമാണ് കാന്തഹാർ. അഫ്ഗാനിലെ 34 പ്രവിശ്യകളിൽ ഗസ്നി അടക്കം 11 തലസ്ഥാന നഗരങ്ങൾ താലിബാൻ പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.