ജോർദാൻ അതിർത്തി കടന്ന് ആക്രമണം; മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: ജോർദാൻ അതിർത്തി കടന്ന് ഒരാൾ നടത്തിയ വെടിവെപ്പിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ജോർദാനിൽനിന്ന് ഞായറാഴ്ച അലൻബി പാലത്തിലുടെ അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് ട്രക്കുമായി കടന്ന തോക്കുധാരി സുരക്ഷാസേനയുടെ വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് മൂന്ന് ഇസ്രായേൽ പൗരൻമാരെ വധിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ട്രക്കിൽനിന്ന് പുറത്തിറങ്ങിയയാൾ പാലത്തിൽ കാവലിലേർപ്പെട്ട ഇസ്രായേൽ ഗാർഡുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഗസ്സക്കെതിരായ വംശീയ യുദ്ധം ആരംഭിച്ചതിനുശേഷം ജോർദാനുമായുള്ള അതിർത്തിയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണമാണിത്. ഇത് പ്രദേശത്തുടനീളം പിരിമുറുക്കം വർധിപ്പിച്ചിട്ടുണ്ട്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് ഹമാസ് ഉദ്യോഗസ്ഥൻ സമി അബു സുഹ്‌രി സംഭവത്തെ പ്രശംസിച്ചു. സമാനമായ നിരവധി പ്രവർത്തനങ്ങൾ തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ശേഷം ജോർദാനുമായുള്ള എല്ലാ അതിർത്തി കവാടങ്ങളും ഇസ്രായേൽ അടച്ചു.
ഗസ്സയിൽ ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരാൻ ഹമാസുമായി കരാറിൽ ഏർപ്പെടുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇസ്രായേൽ വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവം. ഏകദേശം 750,000 പേർ അണിനിരന്ന ഇസ്രായേലിന്റെ എക്കാലത്തെയും വലിയ പ്രതിഷേധങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം തെരുവിൽ നടന്നത്. തെക്കൻ ഗസ്സയിലെ തുരങ്കത്തിൽനിന്ന് ആറ് തടവുകാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം പുറത്തുവിട്ട് ഒരാഴ്ചക്കുശേഷമായിരുന്നു വൻ പ്രതിഷേധം.
ബഹുജന പ്രതിഷേധങ്ങൾക്ക് തൊട്ടുപിന്നാലെ പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നെതന്യാഹു ഐക്യത്തിന് ആഹ്വാനം ചെയ്തു. ‘ഇസ്രായേൽ പൗരന്മാരിൽ ബഹുഭൂരിപക്ഷവും ഹമാസിന്റെ കെണിയിൽ വീഴുന്നില്ല. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനും ഞങ്ങളുടെ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനും ഗസ്സ ഇനി ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുന്നതിനും ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്ന് അവർക്കറിയാം’ എന്ന് പ്രസ്താവനയിറക്കി.
അതിനിടെ, ഗസ്സ സിവിൽ എമർജൻസി സർവിസ് ഡെപ്യൂട്ടി ഡയറക്ടറും നാല് കുടുംബാംഗങ്ങളും ജബലിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ ഉദ്യോഗസ്ഥർ പുറത്തുവിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിലുടനീളം നടത്തിയ ആക്രമണങ്ങളിൽ 31 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയം നൽകുന്ന സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ച എട്ട് പേർ ഉൾപ്പെടെയാണിത്. ഒക്‌ടോബർ 7 മുതൽ ഗസ്സയിൽ കുറഞ്ഞത് 40,972 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. സംഘർഷം ആരംഭിച്ചതിന് ശേഷം 94,761 പേർക്ക് പരിക്കേറ്റതായും ഗസ്സ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.