ഇസ്രായേൽ വെടിവെപ്പ്; മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു
text_fieldsജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജനിൻ പട്ടണത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈവർഷം ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ 60 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച പുലർച്ചെ ജെനിനിൽ അൽ-മറാഹ് പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് സംഭവം. 30ഓളം സൈനിക വാഹനങ്ങൾ ഒരു കാർ വളഞ്ഞ് അകത്തുണ്ടായിരുന്ന നാല് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിലാണ് മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തത്.
ബറാ ലഹ്ലൂഹ് (24), യൂസഫ് സലാഹ് (23), ലൈത്ത് അബു സുരൂർ (24) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ അറിയിച്ചു. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് ആയുധങ്ങൾ കണ്ടെത്താനുള്ള നടപടിക്കിടെയാണ് വെടിവെപ്പുണ്ടായതെന്ന് ഇസ്രായേൽ സൈന്യം ഹീബ്രു ഭാഷയിലുള്ള സന്ദേശത്തിൽ പറയുന്നു. സംഭവസ്ഥലത്തുനിന്ന് രണ്ട് എം -16 റൈഫിളുകളും വെടിയുണ്ടകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയതായി സൈന്യം അവകാശപ്പെട്ടു.
അതേസമയം, ഏപ്രിൽ ഏഴിന് തെൽ അവീവിൽ വെടിവെപ്പ് നടത്തിയ ഹസെമിന്റെ വീട് തകർക്കാനായിരുന്നു ഇസ്രായേൽ ശ്രമമെന്ന് സംശയിക്കുന്നതായി ജെനിനിലെ താമസക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.