റോഹിങ്ക്യൻ വംശഹത്യക്ക് മൂന്നാണ്ട്; പത്തുലക്ഷം പേരുടെ അഭയാർഥി ജീവിതത്തിനും
text_fieldsധാക്ക: രാഖൈൻ പ്രവിശ്യയിൽ മ്യാന്മർ സൈന്യം നടത്തിയ റോഹിങ്ക്യൻ വംശഹത്യക്ക് മൂന്നു വർഷം. കൂട്ടക്കൊലകളും ബലാത്സംഗങ്ങളും കൊള്ളിവെപ്പും ഭയന്ന് ബംഗ്ലാദേശിലെത്തിയ പത്തു ലക്ഷം പേരുടെ അഭയാർഥി ജീവിതവും മൂന്നാണ്ട് പിന്നിട്ടു. വംശഹത്യയുടെ മൂന്നാം വർഷം പ്രാർഥനകളും നിശ്ശബ്ദ പ്രതിഷേധവുമായി തെക്കൻ ബംഗ്ലാദേശിലെ ഇടുങ്ങിയ ക്യാമ്പുകളിൽ കഴിച്ചുകൂട്ടി.
അന്താരാഷ്ട്ര സമൂഹവും വൻശക്തി രാജ്യങ്ങളും മറന്നതോടെ ജന്മനാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്തിലാണ്. പതിനായിരത്തിലധികം പേർ കൂട്ടക്കൊലക്കും നിരവധി പേർ ബലാത്സംഗത്തിനും ഇരയായതോടെയാണ് ഏഴര ലക്ഷം റോഹിങ്ക്യകൾ 2017 ആഗസ്റ്റ് 25ഒാടെ ബംഗ്ലാേദശിലെത്തിയത്. രണ്ടുലക്ഷം പേർ നേരത്തേ എത്തിയിരുന്നു. മ്യാന്മറിേൻറത് വംശഹത്യയാണെന്നു കാണിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി നടപടികൾ ആരംഭിച്ചിട്ടും ഇവരുെട ദുരിതം പരിഹരിക്കാൻ നടപടിയില്ല.
അത്യന്തം ദുരിതാവസ്ഥയിലാണ് ജീവിതമെന്നും കുട്ടികൾക്ക് വിദ്യാഭ്യാസം േപാലും ഇല്ലെന്നും ക്യാമ്പിലെ റോഹിങ്ക്യൻ നേതാവ് മുഹിബ്ബുല്ല പറഞ്ഞു. 'കൊലപാതകികൾ ശിക്ഷിക്കപ്പെടണം. നീതി വേണം. നാട്ടിലേക്ക് മടങ്ങണം. ഇതൊന്നും അടുത്തകാലത്തൊന്നും സംഭവിക്കുമെന്ന പ്രതീക്ഷയില്ല' ^അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽനിന്ന് ക്യാമ്പുകളെ വേർതിരിച്ചുനിർത്താൻ സൈന്യം മുള്ളുവേലികൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ക്യാമ്പിലേക്കുള്ള ഇൻറർനെറ്റ് സേവനവും അവസാനിപ്പിച്ചിരുന്നു.
അഭയാർഥികളെ തിരിച്ചയക്കാൻ ബംഗ്ലാദേശും മ്യാന്മറും കരാറിലെത്തിയിരുന്നു. എന്നാൽ, സുരക്ഷയും അവകാശങ്ങളും ഉറപ്പുനൽകാനാകാതെ മടങ്ങാനാകില്ലെന്ന നിലപാടിലാണ് ഇവർ. ഇപ്പോൾ രാഖൈനിൽ കഴിയുന്ന ആറു ലക്ഷത്തിലധികം റോഹിങ്ക്യൻ വംശജരെ പൗരന്മാരായി കാണുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.