ഇംറാൻ ഖാനെക്കാൾ നന്ദികെട്ട മറ്റാരുമില്ല, 'അവസാന മുന്നേറ്റ'ത്തിന് സമയമായെന്ന് മറിയം നവാസ്
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ നാഷനൽ അസംബ്ലിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ കടന്നാക്രമിച്ച് പാകിസ്താൻ മുസ് ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) ഉപാധ്യക്ഷയും മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകളുമായ മറിയം നവാസ്. ഇംറാൻ ഖാന്‍റെ പരാജയത്തിലേക്കുള്ള 'അവസാന മുന്നേറ്റത്തിന്' സമയമായെന്ന് മറിയം നവാസ് പറഞ്ഞു.
ഇസ്ലാമാബാദിൽ സംഘടിപ്പിച്ച റാലിയിലാണ് ഇംറാൻ ഖാനെതിരെ മറിയം ആഞ്ഞടിച്ചത്. രാജ്യത്തിന്‍റെ സാമ്പത്തികനില, ഭരണനിർവഹണം, വിദേശ നയം അടക്കമുള്ള വിഷയങ്ങളിൽ ഇംറാൻ സർക്കാറിനെ മറിയം രൂക്ഷമായി വിമർശിച്ചു.
പ്രധാനമന്ത്രിക്ക് ദേശീയ അസംബ്ലിയുടെ മാത്രമല്ല, പാർട്ടിയുടെയും വിശ്വാസം നഷ്ടപ്പെട്ടു. അതിനാൽ ഇംറാൻ ഖാന് ഗുഡ്‌ബൈ പറയാനാണ് പ്രതിപക്ഷം റാലി നടത്തിയത്. മൗലാന ഫസലുറഹ്മാന്റെ നേതൃത്വത്തിൽ ഞങ്ങൾ നിങ്ങളോട് വിടപറയുന്നു.
അധിക്ഷേപകരമായ വാക്കുകൾ കൊണ്ട് തന്‍റെ പ്രഭാതം തുടങ്ങുന്ന വ്യക്തി, ഒടുവിൽ അപമാനകരമായ അന്ത്യത്തെ അഭിമുഖീകരിക്കുന്നു. മുങ്ങിക്കൊണ്ടിരിക്കുന്ന തന്‍റെ കപ്പലിനെ രക്ഷിക്കാൻ പാർട്ടി അംഗങ്ങളെ ഉപയോഗിച്ച ഇംറാൻ, ഒരു 'നന്ദികെട്ട' വ്യക്തിയായി മാറിയിരിക്കുന്നു. ഇംറാനെക്കാൾ നന്ദികെട്ട മറ്റാരുമില്ലെന്നും മറിയം നവാസ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് നാഷനൽ അസംബ്ലിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 161 അനുകൂല വോട്ടുകൾ ലഭിച്ചതോടെ പ്രമേയത്തിന് അവതരണാനുമതിയായി. ഇതോടെ പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള ഭരണഘടന നടപടിക്രമത്തിന്റെ ആദ്യഘട്ടം പൂർത്തിയായി.
പ്രമേയത്തിനുമേൽ വ്യാഴാഴ്ച ചർച്ചയും വോട്ടെടുപ്പും നടക്കും. 342 സഭയിൽ പ്രമേയത്തെ അതിജീവിക്കാൻ 172 വോട്ടുകളാണ് ഇംറാന് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.