അയൽരാജ്യങ്ങളുമായി കൊമ്പുകോർത്ത് ഇസ്രായേൽ; അടി, തിരിച്ചടി നാൾവഴികൾ...
text_fieldsതെൽഅവീവ്: പതിറ്റാണ്ടുകളായി ഫലസ്തീനെ സൈനിക ശക്തി ഉപയോഗിച്ചും ഉപരോധത്തിലൂടെയും ഞെരിച്ചമർത്തുന്ന ഇസ്രായേൽ, കഴിഞ്ഞ ഒരുവർഷമായി മറ്റ് അയൽരാജ്യങ്ങളുമായി കൊമ്പുകോർത്തത് നിരവധി തവണ. 2023 ഒക്ടോബർ ഏഴിന് ഗസ്സയിൽ തുടക്കമിട്ട മനുഷ്യക്കുരുതിക്ക് പിന്നാലെ അയൽരാജ്യങ്ങളായ ഇറാൻ, സിറിയ, ലബനാൻ എന്നിവിടങ്ങളിലും പലതവണ കടന്നുകയറി ആക്രമണം നടത്തി. ഇതിനുള്ള പ്രതികരണമായി ഈ രാജ്യങ്ങൾ ഇസ്രായേലിനെയും നിരവധി തവണ ആക്രമിച്ചു. മൂന്ന് രാജ്യങ്ങളിലും ഒട്ടേറെപേരെ ഇസ്രായേൽ കൊലപ്പെടുത്തി. എന്നാൽ, ലബനാനിലെ ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തിൽ മത്രമാണ് ഇസ്രായേലിന് ആൾനാശമുണ്ടായത്. നിരവധി ഇസ്രായേൽ സൈനികരും പൗരന്മാരും ഹിസ്ബുല്ലയുടെ തിരിച്ചടിയിൽ ഇതിനകം കൊല്ലപ്പെട്ടു.
2023 ഒക്ടോബറിന് ശേഷം അയൽരാജ്യങ്ങളുമായി നടന്ന സംഘർഷങ്ങളുടെ നാൾവഴി:
2024 ഏപ്രിൽ 1: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ഇറാനിയൻ സൈനിക കമാൻഡർമാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു.
ഏപ്രിൽ 13: ഇറാൻ 300 ഓളം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിലേക്ക് വിക്ഷേപിച്ചു. ആദ്യമായാണ് ഇറാൻ ഇസ്രായേലിനെതിരെ നേരിട്ട് മിസൈൽ ആക്രമണം നടത്തുന്നത്.
ജൂലൈ 31: ഹമാസ് പോളിറ്റ് ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ്യയെ തെഹ്‌റാനിൽ കൊലപ്പെടുത്തി. ഇറാന്റെ പുതിയ പ്രസിഡൻറ് മസൂദ് പെസഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ്യ. ചടങ്ങിൽ പങ്കെടുത്ത് മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നത്.
സെപ്തംബർ 17: ഹിസ്ബുല്ല അംഗങ്ങൾ വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജറുകളും വാക്കി ടോക്കികളും ലബനാനിലുടനീളം പൊട്ടിത്തെറിച്ചു. ഇസ്രായേൽ ആസൂത്രണം ചെയ്ത ഈ ആക്രമണത്തിൽ 42 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സെപ്തംബർ 23: തെക്കൻ ലബനാനിൽ ഇസ്രായേൽ വിപുലമായ സൈനിക ആക്രമണം ആരംഭിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നു എന്ന പേരിൽ ഏകദേശം 650 വ്യോമാക്രമണങ്ങളാണ് ഒറ്റദിവസം നടത്തിയത്.
സെപ്തംബർ 27: ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്റുല്ല ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു, ഇസ്രായേൽ സൈന്യം ലബനാനിലെ ആക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കരയുദ്ധത്തിന് തുടക്കമിട്ടു.
ഒക്‌ടോബർ 1: ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന സൈനിക ക്രൂരതകൾക്കും ഹമാസിന്റെയും ഹിസ്ബുല്ലയുടെയും മുതിർന്ന നേതാക്കളെ കൊലപ്പെടുത്തിയതിനും പ്രതികാരമായി ഇറാൻ ഇസ്രായേലിന് നേരെ രണ്ടാമത്തെ മിസൈൽ ആക്രമണം നടത്തി. കുറഞ്ഞത് 200 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 26: ഇറാന് നേരെ ഇസ്രായേൽ ആക്രമണം. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. എന്നാൽ, ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനിക കേന്ദ്രങ്ങളൊന്നും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ഇറാൻ തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.