സ്ത്രീ വിരുദ്ധ പരാമർശം: ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു
text_fieldsടോക്യോ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് വിമര്‍ശന വിധേയനായ ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു.
തന്‍റെ പ്രസ്താവനക്ക് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. അനുയോജ്യമല്ലാത്ത എന്‍റെ പ്രസ്താവന പ്രശ്നങ്ങൾക്ക് കാരണമായി. ഇതിൽ ആത്മാർഥമായും ഞാൻ ക്ഷമ ചോദിക്കുന്നു- അദ്ദേഹം പറഞ്ഞു.
''ജൂലൈ മുതല്‍ ഒളിമ്പിക്‌സ് നടത്തുക എന്നതാണ് പ്രധാനം. എന്‍റെ സാന്നിധ്യം അതിന് തടസമാകരുതെന്ന് എനിക്കുണ്ട്.'' - വെള്ളിയാഴ്ച നടന്ന പ്രത്യേക സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി കൂടിയായ മോറിക്ക് പകരം ആരാണ് സ്ഥാനമേല്‍ക്കുകയെന്ന് വ്യക്തമല്ല. പകരക്കാരനായി പ്രശസ്ത സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ സബുറോ കവബൂച്ചിയെ ആദ്യം തിരഞ്ഞെടുത്തിരുന്നുവെങ്കിലും അത് പ്രതിഷേധത്തിനിടയാക്കി.
'മീറ്റിങ്ങുകളില്‍ സ്ത്രീകള്‍ ആവശ്യത്തിലധികം സംസാരിക്കുന്നു. അവർക്ക് ചുരുക്കി സംസാരിക്കാനറിയില്ല' എന്ന മോറിയുടെ പ്രസ്താവനയാണ് അദ്ദേഹത്തിന് വിനയായത്. ജപ്പാനിലും പുറത്തും പ്രസ്താവനക്കെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ടോക്യോ 2020 ഒളിമ്പിക്സ് കമ്മിറ്റിയിലുള്ള 35 അംഗങ്ങളിൽ ഏഴ് സ്ത്രീകളാണുള്ളത്. സ്ത്രീകളായ അംഗങ്ങൾ സംസാരിക്കാൻ വിമുഖത പ്രകടിപ്പിക്കുമ്പോൾ താനാണ് അവരെ പ്രോത്സാഹിപ്പിക്കാറുള്ളതെന്ന് മോറി പറഞ്ഞു.
മോറിക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി 1,50,000പരുടെ ഒപ്പ് ശേഖരണം നടന്നിരുന്നു. രാജി വെക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ടോക്യോ സിറ്റി ഗവർണറടക്കം പ്രമുഖരും രംഗത്തെത്തി.
കോവിഡിനിടയില്‍ ലോകമെങ്ങുമുള്ള താരങ്ങളെയും ഒഫീഷ്യല്‍സിനെയും ഉള്‍പ്പെടുത്തി ഒളിമ്പിക്‌സ് നടത്തുന്നതിനെതിരേ ജപ്പാനില്‍ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് തലവനെതിരെ ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.