അഫ്ഗാനിൽ ജുമുഅക്കിടെ പള്ളിയിൽ സ്ഫോടനം: 18 മരണം, 21 പേർക്ക് പരിക്ക്
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ ജുമുഅ നമസ്കാരത്തിനിടെ മസ്ജിദിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറൻ അഫ്ഗാനിലെ ഹിറാത് നഗരത്തിലെ ഗുസർഗ മസ്ജിദിലാണ് സ്ഫോടനമുണ്ടായത്.
താലിബാനുമായി അടുത്ത ബന്ധമുള്ള പ്രമുഖ പുരോഹിതൻ മുജീബുറഹ്മാൻ അൻസാരിയും കൊല്ലപ്പെട്ടവരിൽപെടും. പരിക്കേറ്റവർ ഹിറാതിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തേ രാജ്യത്ത് മസ്ജിദിലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുമുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
അഫ്ഗാനിൽ താലിബാൻ ഭരണത്തിലേറിയ ശേഷം ജുമുഅ നമസ്കാരത്തിനിടയിലെ ചാവേർ ആക്രമണമടക്കം നിരവധി ആക്രമണമാണ് ഇസ്‍ലാമിക് സ്റ്റേറ്റ് നടത്തിയത്. പ്രധാനമായും ശിയ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഈ ആക്രമണങ്ങൾ. ഇപ്പോൾ സ്ഫോടനം നടന്ന ഗുസർഗ മസ്ജിദ് സുന്നി വിഭാഗത്തിന് കീഴിലുള്ളതാണ്.
നേരത്തെ കാബൂളിലെ മദ്റസയിൽ നടത്തിയ ചാവേർ ആക്രമണത്തിൽ താലിബാൻ പുരോഹിതനായ റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടിരുന്നു. ഒരു മാസത്തിനുള്ളിൽ സ്ഫോടനത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ താലിബാൻ അനുകൂല പുരോഹിതനാണ് അൻസാരി. ഐ.എസിനെതിരായ പ്രസംഗങ്ങളുടെ പേരിൽ അറിയപ്പെട്ടയാളായിരുന്നു ഹഖാനി. ആഗസ്റ്റ് 17ന് കാബൂളിൽ വിശ്വാസികൾ തിങ്ങിനിറഞ്ഞ പള്ളിയിൽ നടന്ന സ്‌ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.