മദ്യപിച്ച് ബോധം പോയി, വീട് മാറിക്കയറി, കിടക്കയിൽ കിടന്നുറങ്ങി; ടൈസൻ ഫുഡ് സി.എഫ്.ഒക്കെതിരെ കേസ്
text_fieldsവെള്ളമടിച്ച് ബോധമില്ലാതെ വീടുമാറിക്കയറുന്നത് സിനിമകളിൽ കാണാറുണ്ട്. അത്തരം സീനുകൾ കണ്ട് നാം വയറുളുക്കെ ചിരിക്കാറുമുണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ ഇത് നടന്നാലോ. അതും ഹൈ പ്രെഫൈൽ ഓഫീസർക്ക്. യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന ടൈസൻ ഫുഡ്സിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ് മദ്യപിച്ച് ലക്കുകെട്ട് വീടുമാറിക്കയറി പൊലീസ് കേസുമായി നടക്കുന്നത്.
ഞായറാഴ്ചയാണ് സംഭവം. ടെസൻ ഫുഡ്സിന്റെ സി.എഫ്.ഒ ജോൺ ആർ. ടൈസൺ മദ്യപിച്ച് ബോധമില്ലാതെ അജ്ഞാതയായ യുവതിയുടെ വീട്ടിൽ ചെന്ന് കയറി അവരുടെ കിടക്കയിൽ കിടന്നുറങ്ങി.
യുവതി സ്ഥലത്തില്ലായിരുന്നു. ഞായറാഴ്ച രാവിലെ യുവതി വീട്ടിലെത്തിയപ്പോഴാണ് ആരോ അതിക്രമിച്ച് കയറിയതറിഞ്ഞത്. വസ്ത്രങ്ങൾ വീടിന്റെ നിലത്ത് അഴിച്ചിട്ടിരുന്നു. യുവതിയുടെ മുറിയിലെ കട്ടലിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾ. അവർ ഉടൻ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി 32 കാരനായ ജോണിനെ വിളിച്ചുണർത്താൻ ശ്രമിച്ചു. അദ്ദേഹം സംസാരിക്കാൻ പോലും പറ്റാത്തത്ര നാവുകുഴഞ്ഞ അവസ്ഥയിലായിരുന്നു. പൊലീസ് നിരന്തരം വിളിച്ചപ്പോൾ പണിപ്പെട്ട് എഴുന്നേറ്റിരുന്നെങ്കിലും കിടക്കയിലേക്ക് തന്നെ മറിഞ്ഞ് വീണ് ഉറക്കം തുടർന്നു. അദ്ദേഹത്തിന്റെ ശ്വാസത്തിലും ദേഹത്തിലും മദ്യം മണക്കുന്നുണ്ടായിരുന്നു.
തുടർന്ന് പൊലീസ് ഇയാളെ വീട്ടിൽ നിന്ന് മാറ്റി. ജോണിനെതിരെ പൊതുജനത്തിന് ശല്യമുണ്ടാക്കിയതിനും വീട്ടിൽ അതിക്രമിച്ച് കയറിയതിനും കേസെടുത്തിട്ടുണ്ട്. 415 ഡോളർ ബോണ്ടിലാണ് പൊലീസ് ഇദ്ദേഹത്തിന് ജാമ്യം നൽകിയത്. ഡിസംബർ ഒന്നിന് കോടതിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.
എന്നാൽ സംഭവത്തെ കുറിച്ച് പ്രതികരികൻ ടൈസൻ ഫുഡ്സ് തയാറായില്ല. അത് വ്യക്തിഗത പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അതേസമയം, വിഷയത്തിൽ കമ്പനിയോട് ജോൺ ടൈസൻ ക്ഷമാപണം നടത്തി. മദ്യപാനത്തിന് കൗൺസിലിങ് നടത്തുകയാണെന്ന് പറഞ്ഞ ടൈസൻ, വ്യക്തിഗത മൂല്യങ്ങളും കമ്പനിയുടെ മൂല്യവും പരസ്പരമുള്ള പ്രതീക്ഷകളും തകർക്കുന്നവിധം തന്നിൽ നിന്നുണ്ടായ പെരുമാറ്റത്തിൽ ലജ്ജിക്കുന്നുവെന്ന് പറഞ്ഞു. ഇത് തന്റെ ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.