ജനാധിപത്യ അനുകൂല നേതാക്കൾക്ക് തടവുശിക്ഷ വിധിച്ച് ഹോങ്കോങ് കോടതി
text_fieldsഹോങ്കോങ്: വിവാദമായ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചുള്ള വിചാരണയെത്തുടർന്ന് ഹോങ്കോങ് കോടതി പ്രധാന ജനാധിപത്യ അനുകൂല നേതാക്കളെ വർഷങ്ങളുടെ തടവിന് ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ട 47 ജനാധിപത്യ പ്രവർത്തകരുടെയും നിയമനിർമാതാക്കളുടെയും കൂട്ടത്തിൽ ബെന്നി തായ്, ജോഷ്വ വോങ് എന്നീ പ്രമുഖ നേതാക്കളും ഉൾപ്പെടുന്നു. നാലു മുതൽ പത്തു വർഷം വരെയുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. അട്ടിമറിശ്രമത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോണമുയർന്ന സംഘത്തിലെ ഭൂരിഭാഗവും കുറ്റക്കാരാണെന്ന് കണ്ടെത്തി. രണ്ടു പേരെ വെറുതെവിട്ടു.
ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങിൽ 2019ൽ നടന്ന ജനാധിപത്യ അനുകൂല വൻ പ്രക്ഷോഭത്തിന് തൊട്ടുപിന്നാലെ ചൈന ഹോങ്കോങ്ങിൽ അടിച്ചേൽപ്പിച്ച തീവ്രമായ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചാണ് ഇവരുടെ വിചാരണ നടത്തിയത്. അന്നത്തെ പ്രകടനങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ മാസങ്ങളോളം ഹോങ്കോങ്ങിന്റെ തെരുവിലിറങ്ങിയിരുന്നു. വിവാദ നിയമവും വിചാരണയുടെ ഫലവും ഹോങ്കോങ്ങിന്റെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തെയും നിയമവാഴ്ചയെയും വലിയതോതിൽ ദുർബലപ്പെടുത്തിയെന്നും നഗരത്തിന്റെ നിയന്ത്രണം ഉറപ്പിക്കാൻ ചൈനയെ അനുവദിച്ചെന്നും നിരീക്ഷകർ പറയുന്നു.
വിചാരണയെ ‘രാഷ്ട്രീയ പ്രേരിതം’ എന്നാണ് യു.എസ് വിശേഷിപ്പിച്ചത്. എന്നാൽ, സ്ഥിരത നിലനിർത്താൻ നിയമം ആവശ്യമാണെന്നും അത് സ്വയംഭരണാധികാരത്തെ ദുർബലപ്പെടുത്തിയെന്ന് നിഷേധിക്കുന്നുവെന്നും ചൈനയിലെയും ഹോങ്കോങ്ങിലെയും സർക്കാറുകൾ വാദിക്കുന്നു. ചൈനയുടെ ദേശീയ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള മുന്നറിയിപ്പാണ് ശിക്ഷാവിധികളെന്നും അവർ പറയുന്നു.
തായ്‌ക്ക് 10 വർഷവും വോങ്ങിന് നാലു വർഷത്തിലേറെയും തടവനുഭവിക്കണം. കുറ്റം സമ്മതിച്ചതിനെ തുടർന്ന് വോങ്ങിന്റെ ശിക്ഷ മൂന്നിലൊന്നായി കുറക്കുകയായിരുന്നു. അറസ്റ്റിലാകുന്ന സമയത്ത് പ്രതിഷേധത്തിൽ പങ്കെടുത്തതിന് വോങ് ഇതിനകം ജയിലിലായിരുന്നു. രാഷ്ട്രീയത്തിലിറങ്ങിയ മുൻ പത്രപ്രവർത്തകൻ ഗ്വിനെത്ത് ഹോ, മുൻ നിയമനിർമാതാക്കളായ ക്ലോഡിയ മോ, ലുങ് ക്വോക്ക് ഹംഗ് എന്നിവരും ശിക്ഷിക്കപ്പെട്ട മറ്റ് പ്രമുഖ ജനാധിപത്യ അനുകൂല വ്യക്തികളിൽ ഉൾപ്പെടുന്നു.
ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിലൂടെ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് 2021ന്‍റെ തുടക്കത്തിലാണ് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.