ട്രംപിന്റെ എസ്റ്റേറ്റിൽ നിന്ന് സർക്കാറിന്റെ അതി രഹസ്യ രേഖകൾ കണ്ടെത്തി
text_fieldsവാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡ എസ്റ്റേറ്റിൽ നിന്ന് വിവിധ പത്രങ്ങൾ, മാസികകൾ, വ്യക്തിഗത കത്തിടപാടുകൾ എന്നിവക്കൊപ്പം പെട്ടികളിൽ സൂക്ഷിച്ച നിലയിൽ അതീവ രഹസ്യ രേഖകൾ കണ്ടെത്തിയെന്ന് എഫ്.ബി.ഐ. ഫ്ലോറിഡ എസ്റ്റേറ്റിൽ നിന്ന് ഈ വർഷം ആദ്യം കണ്ടെടുത്ത 15 പെട്ടികളിൽ 14 എണ്ണത്തിലും രഹസ്യ രേഖകൾ ഉണ്ടായിരുന്നെന്നാണ് എഫ്.ബി.ഐ വെള്ളിയാഴ്ച നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
ട്രംപിന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ ക്ലാസിഫൈഡ് മെറ്റീരിയലുകൾ സൂക്ഷിക്കുന്നതിനായി ഒരു സ്ഥലവും അനുവദിച്ചിട്ടില്ല. എഫ്.ബി.ഐ കോടതിയിൽ നൽകിയ രേഖകൾ അനുസരിച്ച്, എസ്റ്റേറ്റിൽ പരിശോധന നടത്തുന്നതിനുള്ള തടസവും ഈ രേഖകൾ അവിടെയുണ്ടെന്നതു തന്നെയായിരുന്നെന്ന് പറയുന്നു. രേഖകൾ അനധികൃതമായാണ് സൂക്ഷിച്ചത്. ട്രംപ് വൈറ്റ് ഹൗസ് വിട്ടശേഷമാണ് അവ അവിടെ സൂക്ഷിച്ചതെന്നും രേഖകളുടെ വിശദമായ വിവരണവും 32 പേജുള്ള സത്യവാങ്മൂലത്തിലുണ്ട്. സാക്ഷികളുടെയും നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുടെയും സുരക്ഷയും അന്വേഷണത്തിന്റെ സമഗ്രതയും സംരക്ഷിക്കുന്നതിനായി വളരെയധികം തിരുത്തിയെഴുതിയതാണ് സത്യവാങ്മൂലം.
അതീവ രഹസ്യമായ സർക്കാർ രേഖകൾ അനധികൃതമായി കൈവശം വെച്ചതും മാസങ്ങളോളം അഭ്യർത്ഥിച്ചിട്ടും ഉദ്യോഗസ്ഥർക്ക് നൽകാതിരുന്നതും ട്രംപിനെ പുതിയ നിയമനടപടികളിലേക്ക് നയിക്കും. 2024ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ പ്രശ്നം ട്രംപിന് ഉടലെടുത്തിരിക്കുന്നത്.
സർക്കാറിന്റെ രഹസ്യവിവരങ്ങൾ കൈവശപ്പെടുത്തുകയും അനധികൃത സ്ഥലങ്ങളിൽ സൂക്ഷിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് ക്രിമിനൽ അന്വേഷണം നടത്തുകയാണെന്ന് എഫ്.ബി.ഐ സത്യവാങ്മൂലത്തിൽ പറയുന്നു.
15 പെട്ടികളിൽ നിന്ന് അതീവ പ്രാധാന്യമുള്ള രേഖകൾ കണ്ടെത്തിയതിനാൽ മാർ-എ-ലാഗോയിൽ പരിശോധന ആവശ്യമാണ്. 184 രേഖകളിൽ 25 എണ്ണവും അതീവരഹസ്യമായവയാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
മാർ-എ-ലാഗോയിൽ ആഗസ്റ്റ് 8-ന് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ 11 സെറ്റ് ക്ലാസിഫൈഡ് റെക്കോർഡുകളെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ സത്യവാങ്മൂലത്തിലില്ല, പകരം ജനുവരിയിൽ നാഷണൽ ആർക്കൈവ്‌സ് ആൻഡ് റെക്കോർഡ്‌സ് അഡ്മിനിസ്‌ട്രേഷൻ കണ്ടെടുത്ത 15 ബോക്‌സുകളുടെ പ്രത്യേക ബാച്ചിനെക്കുറിച്ചാണ് പറയുന്നത്.
സർക്കാർ ഉദ്യോഗസ്ഥരുമായി താൻ പൂർണമായി സഹകരിച്ചുവെന്നാണ് ട്രംപ് പറയുന്നത്. തന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ തകർക്കാൻ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ പ്രേരിത വേട്ടയാണിതെന്ന് അദ്ദേഹം ആരോപിക്കുന്നു. തന്റെ പ്രതിനിധികളും എഫ്.ബി.ഐയുമായി അടുത്ത് ബന്ധപ്പെട്ട് 'അവർക്ക് ധാരാളം നൽകി'യെന്നും ട്രംപ് വെള്ളിയാഴ്ച തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.