മരവിപ്പിച്ച 1000 കോടി ഡോളർ അനുവദിക്കണം; യു.എസിനോട് അഭ്യർഥനയുമായി താലിബാൻ
text_fieldsകാബൂൾ: യു.എസ് ബാങ്കുകളിലെ അഫ്ഗാനിസ്ഥാൻ സർക്കാറിന്‍റെ 1000 കോടി ഡോളർ നിക്ഷേപം മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന അഭ്യർഥനയുമായി താലിബാൻ. അഫ്ഗാൻ ഭരണകൂടവുമായി യു.എസ് സൗഹൃദബന്ധം സ്ഥാപിക്കണമെന്നും താലിബാൻ അഭ്യർഥിച്ചു. താലിബാൻ അഫ്ഗാൻ കീഴടക്കിയപ്പോഴാണ് യു.എസ് ബാങ്കുകളിലെ 1000 കോടിയുടെ നിക്ഷേപം മരവിപ്പിച്ചത്. താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് സർക്കാറിന്‍റെ അഭ്യർഥന.
'യു.എസ് ഒരു വലിയ രാജ്യമാണ്. മഹത്തായ രാജ്യമാണ്. നിങ്ങൾക്ക് ഏറെ ക്ഷമയും സഹൃദയത്വവും ഉണ്ടായിരിക്കണം. ഭിന്നതകൾ അവസാനിപ്പിച്ച് ഞങ്ങളുമായുള്ള അകലം കുറയ്ക്കണം' -അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പതുക്കെയാണെങ്കിലും യു.എസ് ഞങ്ങളുടെ നേർക്കുള്ള നയം മാറ്റുമെന്നാണ് പ്രതീക്ഷ. പണം അനുവദിച്ചാൽ ആയിരക്കണക്കിനാളുകൾക്ക് അത് സഹായകമാകും -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അഫ്ഗാനിസ്ഥാന് നൽകിവന്ന സാമ്പത്തിക സഹായം നിർത്തലാക്കിയിരുന്നു. ഭരണമാറ്റവും അനിശ്ചിതാവസ്ഥയും എല്ലാം ചേർന്ന് അഫ്ഗാനെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്.
അഫ്ഗാനിസ്താൻ വലിയ മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മറ്റ് രാഷ്ട്രങ്ങളുടെ ഉപരോധവും നിസ്സഹകരണവും സ്വത്ത് മരവിപ്പിക്കലും ചേർന്ന് സാമ്പത്തിക മേഖല തകർച്ചയുടെ വക്കിലാണ്. ബാങ്കിങ് മേഖല തകർന്നതോടെ സമ്പദ് വ്യവസ്ഥ നിശ്ചലമായതായി അഫ്ഗാനിലെ യു.എൻ മനുഷ്യാവകാശ സംഘടനയുടെ ഡെപ്യൂട്ടി ഹൈകമീഷണർ നദ അൽ-നാഷിഫ് ചൂണ്ടിക്കാട്ടി.
ദാരിദ്ര്യവും വരള്‍ച്ചമൂലമുള്ള പട്ടിണിയും വ്യാപകമാവുന്നതിനിടെ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം തുടരാന്‍ ആഗോള ഫണ്ടിങ് ഏജന്‍സികൾ കഴിഞ്ഞ ദിവസങ്ങളിൽ തീരുമാനമെടുത്തിരുന്നു. ലോകബാങ്കിന്റെ നിയന്ത്രണത്തിലുള്ള 'അഫ്ഗാനിസ്ഥാന്‍ പുനര്‍നിര്‍മാണ ട്രസ്റ്റ് ഫണ്ട്' അഫ്ഗാനിസ്ഥാനില്‍ ഭക്ഷണ വിതരണം നടത്തുന്ന ലോക ഭക്ഷ്യ പദ്ധതി, യുനിസെഫ് എന്നീ യു.എന്‍ ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. യുനിസെഫിന് 100 മില്യന്‍ ഡോളറും ലോക ഭക്ഷ്യപദ്ധതിക്ക് 180 മില്യന്‍ ഡോളറും കൈമാറുമെന്ന് ലോകബാങ്ക് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.