ട്രംപിന് വംശീയ ഉന്മൂലനം, പുനർനിർമിക്കാൻ അറബ് രാജ്യങ്ങൾ; ഗസ്സക്കും പശ്ചിമേഷ്യക്കും കടുത്ത നാളുകൾ
text_fieldsഇസ്രായേലി ബോംബാക്രമണത്തിൽ തകർന്ന കെട്ടിടത്തിന് സമീപം വിലപിക്കുന്ന സ്ത്രീ
ഗസ്സ സിറ്റി: ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദമേറിയ ഉടനെയാണ് ഗസ്സയിലെ 20 ലക്ഷം ജനസംഖ്യയെ ആട്ടിപ്പുറത്താക്കി അമേരിക്ക ഭരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതി അവതരിപ്പിച്ചത്. ലോകം ഒന്നിച്ചെതിർത്ത പദ്ധതിക്ക് ബദലായി അറബ് രാജ്യങ്ങൾ ഗസ്സ പുനർനിർമാണ പദ്ധതി അവതരിപ്പിച്ചു.
ശതകോടികൾ ചെലവ് വരുന്ന പുനർനിർമാണം വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കും വിധമാണ് രൂപകൽപന ചെയ്തത്. ഇതിനിടെയായിരുന്നു മൂന്ന് ഘട്ടങ്ങളിലായി വിഭാവന ചെയ്യപ്പെട്ട ഗസ്സ വെടിനിർത്തൽ ചർച്ചകളും. ഏറ്റവുമൊടുവിൽ ദോഹയിൽ തുടക്കമായി കൈറോയിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് എല്ലാം നിഷ്പ്രഭമാക്കി ഇസ്രായേൽ ആക്രമണവും കുരുതിയും അഴിച്ചുവിട്ടത്.
ഒന്നാം ഘട്ട വെടിനിർത്തൽ രണ്ടാഴ്ച മുമ്പ് പൂർത്തിയായതിനെതുടർന്നാണ് അമേരിക്കയുടെയും ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെയും കാർമികത്വത്തിൽ അടുത്ത ഘട്ട നടപടികൾ പൂർത്തിയാക്കാൻ ആലോചന ആരംഭിച്ചത്. സമ്പൂർണ യുദ്ധവിരാമം ആവശ്യപ്പെടുന്ന രണ്ടാം ഘട്ടത്തിലേക്ക് ഒരുനിലക്കും കടക്കാനാകില്ലെന്നാണ് ഇസ്രായേൽ നിലപാട്.
പകരം, താൽക്കാലിക വെടിനിർത്തൽ തുടരുകയും എല്ലാ ബന്ദികളെയും വിട്ടയക്കുകയും വേണം. അമേരിക്കയും ഇതേ ആവശ്യം അംഗീകരിച്ചു. എന്നാൽ, നേരത്തേ എത്തിയ കരാറിന്റെ നഗ്നമായ ലംഘനമാണിതെന്നും അംഗീകരിക്കില്ലെന്നുമായിരുന്നു ഹമാസ് പക്ഷം. ഇതോടെ, അരിശം തീർക്കാൻ മുന്നേയിറങ്ങിയ അമേരിക്ക ആദ്യം യമനിൽ ആക്രമണം തുടങ്ങി. പിറകെ ഇസ്രായേൽ ഗസ്സയിലും.
ഒരാഴ്ച മുന്നേ അംഗീകാരം നൽകിയ ഗസ്സ ആക്രമണമാണെന്നാണ് ഇസ്രായേൽ സർക്കാർ പറയുന്നത്. എന്നാൽ, ഒരാഴ്ച മുമ്പ് രണ്ടാം ഘട്ട വെടിനിർത്തൽ പ്രാഥമിക ചർച്ചകൾക്കായി ഇസ്രായേൽ പ്രതിനിധികൾ ദോഹയിലുണ്ടായിരുന്നു, അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അറബ് രാഷ്ട്ര പ്രതിനിധികൾക്കൊപ്പം ഒരു ഫലസ്തീനി പ്രതിനിധിയും എത്തി.
ഇതുവരെയും മുന്നിലുണ്ടായിരുന്ന തീരുമാനങ്ങളും ചർച്ചകളും മാറ്റിവെച്ച് പകരം മറ്റൊന്ന് വിറ്റ്കോഫ് മുന്നോട്ടുവെച്ചപ്പോൾ ഹമാസ് അത് അംഗീകരിച്ചിരുന്നില്ല. അതിന്റെ പേരിൽകൂടിയാണ് ഹമാസിനെ പ്രതിക്കൂട്ടിൽ നിർത്താമെന്ന മോഹം മുന്നിൽവെച്ച് വൈറ്റ്ഹൗസ് അനുഗ്രഹാശിസ്സുകളോടെ ആക്രമണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.