വീണ്ടും മാലിന്യ ബലൂൺ പറത്തി ഉത്തര കൊറിയ; വീണത് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫിസിൽ
text_fieldsസോൾ: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ ഭീഷണിയും വാക്പോരും കൂടുതൽ രൂക്ഷമാകുന്നു. ഇടക്കിടെ പറത്താറുള്ള ഉത്തര കൊറിയയുടെ മാലിന്യ ബലൂൺ ഇത്തവണ പതിച്ചത് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫിസ് വളപ്പിൽ.
സോളിലെ യോങ്സാൻ ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. അപകടകരമായ വസ്തുക്കളൊന്നും ബലൂണിൽ ഉണ്ടായിരുന്നില്ല. സംഭവ സമയം ദക്ഷിണ കൊറിയൻ പ്രസിഡൻറ് യൂൻ സുക് യോൾ ഓഫിസിലുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പ്രസിഡന്റിനെയും ഭാര്യ കിം കിയോൻ ഹീയെയും വിമർശിക്കുന്ന ലഘുലേഖകൾ ബലൂണിൽ ഉണ്ടായിരുന്നതായി ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1793ലെ ഫ്രഞ്ച് വിപ്ലവകാലത്ത് ശിരച്ഛേദം ചെയ്യപ്പെട്ട രാജ്ഞി മേരി ആന്റോനെറ്റായി കിം കിയോൻ ഹീയെ വിശേഷിപ്പിക്കുന്ന ചില ലഘുലേഖകളുടെ ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. മാലിന്യ ബലൂൺ പറത്താൻ തുടങ്ങിയിട്ട് അഞ്ച് മാസമായെങ്കിലും ആദ്യമായാണ് ഉത്തര കൊറിയ ബലൂണുകളിൽ ലഘുലേഖകൾ ഉൾപ്പെടുത്തുന്നത്.
ഈ മാസം തലസ്ഥാനമായ പ്യോങ്യാങ്ങിന് മുകളിലൂടെ ദക്ഷിണ കൊറിയ ഡ്രോണുകൾ പറത്തി പ്രചാരണ ലഘുലേഖകൾ വിതറിയെന്ന് ഉത്തര കൊറിയ ആരോപിച്ചതിന് പിന്നാലെയാണ് മാലിന്യ ബലൂൺ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.