കാനഡ-യു.എസ് അതിർത്തിയിൽ ഇന്ത്യൻ കുടുംബം തണുത്ത് മരിച്ച സംഭവം; മനുഷ്യക്കടത്ത് കേസിൽ വിചാരണക്ക് തുടക്കം
text_fieldsവാഷിംങ്ടൺ: ഇന്ത്യ മുതൽ കാനഡ വരെ വ്യാപിച്ചുകിടക്കുന്ന ക്രിമിനൽ ശൃംഖലയിലേക്ക് നയിച്ചേക്കാവുന്ന മനുഷ്യക്കടത്തുകേസിന്റെ വിചാരണക്ക് യു.എസിൽ തുടക്കം. യു.എസിൽ മെച്ചപ്പെട്ട ജീവിതം തേടുന്ന കുടുംബങ്ങളെ കള്ളക്കടത്ത് നടത്തി പണം സമ്പാദിച്ചെന്ന് ആരോപണവിധേയരായ ഇന്ത്യക്കാരനായ ഹർഷ്‌കുമാർ രാമൻലാൽ പട്ടേൽ (29) ഫ്ലോറിഡയിൽ നിന്നുള്ള സ്റ്റീവ് ഷാൻഡ് (50) എന്നിവരുടെ വിചാരണക്കാണ് മിനസോട്ടയിൽ തുടക്കമാവുന്നത്.
രണ്ടു വർഷം മുമ്പ് മഞ്ഞുവീഴ്ചയിലും അസ്ഥികൾ കോച്ചുന്ന തണുപ്പിലും മൂന്നു വയസ്സുകാരൻ ഉൾപ്പെടെ മരിച്ച നാലംഗ ഇന്ത്യൻ കുടുംബത്തിനുവേണ്ടി യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർമാർ വാദിക്കും. ഹർഷ്കുമാർ പട്ടേലിന്റെ നേതൃത്വത്തിൽ പദ്ധതിയിട്ട മനുഷ്യക്കടത്തിൽ, സ്റ്റീവ് ഷാൻഡ് 11 ഇന്ത്യൻ കുടിയേറ്റക്കാർക്കായി ട്രക്കിൽ കാത്തുനിന്നെന്നും ദമ്പതികളും രണ്ട് കുട്ടികളും അതിർത്തി കടക്കാൻ ശ്രമിച്ചതിനുശേഷം മരിച്ചുവെന്നും പ്രോസിക്യൂട്ടർമാർ പറയുന്നു. ഒർലാൻഡോയുടെ വടക്ക് ഫ്ലോറിഡയിലെ ഡെൽറ്റോണയിലുള്ള ഒരു കാസിനോയിൽവെച്ചാണ് പട്ടേൽ ഷാൻഡിനെ ഇതിനായി റിക്രൂട്ട് ചെയ്തതെന്നും അവർ പറഞ്ഞു.
39 കാരനായ ജഗദീഷ് പട്ടേൽ, ഭാര്യ വൈശാലിബെൻ, അവരുടെ 11 വയസ്സുള്ള മകൾ വിഹാംഗി, മൂന്നു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് തണുപ്പിൽ മരിച്ചത്. പട്ടേൽ എന്നത് സാധാരണ ഇന്ത്യൻ കുടുംബപ്പേരാണ്. ഇരകൾക്ക് ഹർഷ്കുമാർ പട്ടേലുമായി ബന്ധമില്ല. ഗുജറാത്തിലെ ഡിങ്കുച്ച ഗ്രാമത്തിൽ നിന്നുള്ള കുടുംബമാണ് ജഗദീഷ് പട്ടേലിന്‍റേത്. മാതാപിതാക്കളോടൊപ്പമാണ് പട്ടേൽ താമസിച്ചിരുന്നത്. ദമ്പതികൾ സ്കൂൾ അധ്യാപകരായിരുന്നുവെന്നാണ് വിവരം.
പട്ടേലും കുടുംബവും മൈനസ് 38 സെൽഷ്യസ് തണുപ്പിൽ ഹിമപാതത്തിൽ മണിക്കൂറുകളോളം കനേഡിയൻ അതിർത്തിക്കുള്ളിലെ വയലുകളിൽ വാഹനംതേടി അലഞ്ഞുനടന്നതായി കരുതുന്നു. 2022 ജനുവരി 19ന് രാവിലെ കനേഡിയൻ അധികൃതർ നാലുപേരുടെയും മരവിച്ച മൃതദേഹങ്ങൾ കണ്ടെത്തി. ജഗദീഷ് പട്ടേൽ പുതപ്പിൽ പൊതിഞ്ഞ ധാർമികിനെ ചേർത്തുപിടിച്ചിരുന്നു.
പട്ടേലും ഷാൻഡും ഇന്ത്യയിൽ നിന്നുള്ളവരെ കടത്തി അവർക്ക് ആദ്യം കനേഡിയൻ സ്റ്റുഡന്‍റ്സ് വിസകൾ ലഭ്യമാക്കുകയും വാഹനം സംഘടിപ്പിച്ച് യു.എസിലേക്ക് കടത്തുകയും ചെയ്ത ഓപ്പറേഷന്റെ ഭാഗമായിരുന്നുവെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ പറയുന്നു. അഞ്ചു തവണയെങ്കിലും യു.എസ് വിസ നിഷേധിക്കപ്പെട്ട പട്ടേൽ അനധികൃതമായി യു.എസിൽ ഉണ്ടായിരുന്നതായി പ്രോസിക്യൂട്ടർമാർ സമർപിച്ച കോടതി രേഖകൾ കാണിക്കുന്നു. എന്നാൽ, തന്റെ ക്ലയന്‍റ് ദാരിദ്ര്യത്തിൽനിന്ന് രക്ഷപ്പെടാനും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനുമാണ് അമേരിക്കയിലെത്തിയതെന്നും ഇപ്പോൾ വലിയ കുറ്റകൃത്യത്തിൽ പങ്കെടുത്തതായി അന്യായമായി ആരോപിക്കപ്പെടുന്നുവെന്നും ഹർഷ്കുമാർ പട്ടേലിന്റെ അഭിഭാഷകൻ തോമസ് ലീനെൻ വെബർ പ്രതികരിച്ചു.
ഇന്ത്യക്കാരുടെ സംഘങ്ങളെ വിജനമായ അതിർത്തിയിലൂടെ കടത്തിയപ്പോൾ പട്ടേലും ഷാൻഡും കൊടുംതണുപ്പിനെക്കുറിച്ച് പലപ്പോഴും ആശയവിനിമയം നടത്തിയിരുന്നു. 2021 ഡിസംബറിലെ രാത്രിയിൽ ഒരു സംഘത്തെ എടുക്കാൻ വാഹനവുമായി കാത്തുനിൽക്കുമ്പോൾ ‘നരകം പോലെ തണുപ്പാണ്. ഇവിടെ എത്തുമ്പോൾ അവർ ജീവിച്ചിരിക്കുമോ?’ എന്ന് ഷാൻഡ് പട്ടേലിന് സന്ദേശം അയച്ചതായി രേഖകൾ പറയുന്നു. എല്ലാവരും ഹിമപാത സാഹചര്യങ്ങൾക്കായി വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ദയവായി ഉറപ്പാക്കുക’ എന്ന് ജനുവരിയിലെ അവസാന യാത്രക്കിടെ ഷാൻഡ് പട്ടേലിന് സന്ദേശം അയച്ചിരുന്നു. അഞ്ച് യാത്രകൾക്കായി പട്ടേൽ തനിക്ക് 25,000 ഡോളർ നൽകിയതായി ഷാൻഡ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 30ന് കനേഡിയൻ അതിർത്തിയിൽ 14,000ത്തിലധികം ഇന്ത്യക്കാരെ യു.എസ് ബോർഡർ പട്രോളിംഗ് അറസ്റ്റ് ചെയ്തിരുന്നു. 2022 ആയപ്പോഴേക്കും യു.എസിൽ 7,25000ത്തിലധികം ഇന്ത്യക്കാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ‘പ്യൂ റിസർച്ച് സെന്‍റർ’ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.