നവാൽനിയുടെ മരണത്തിന് പിന്നാലെ പുടിനെ രാക്ഷസനെന്ന് വിളിച്ച് ട്രൂഡോ
text_fieldsഓട്ടവ: പ്രതിപക്ഷനേതാവ് അലക്സി നവാൽനി ജയിലിൽ മരിച്ചതിനു പിന്നാലെ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ രാക്ഷസൻ എന്ന് വിശേഷിപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നവാൽനിയുടെ മരണത്തിലൂടെ പുറത്തുവന്നിരിക്കുന്നത് പുടിന്റെ രാക്ഷസ സ്വഭാവമാണെന്നും ട്രൂഡോ പറഞ്ഞു.
''വലിയ ദുരന്തമാണിത്. റഷ്യൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ ഒന്നൊന്നായി അടിച്ചമർത്തുകയാണ് പുടിൻ. പുടിൻ എത്രത്തോളം ഭീകരനാണെന്ന് ലോകത്തെ മുഴുവൻ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.''-ട്രൂഡോ പറഞ്ഞു. മാർച്ചിലാണ് റഷ്യയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുടിൻ വീണ്ടും അധികാരം അരക്കിട്ടുറപ്പിച്ചതിനുപിന്നാലെയാണ് 47കാരനായ നവാൽനിയുടെ മരണവാർത്ത എത്തിയത്. മുമ്പും പലതവണ റഷ്യൻ അധികൃതരുടെ വധശ്രമം അതിജീവിച്ചിരുന്നു നവാൽനി. പുടിനെതിരെ ചെറുത്തുനിന്ന നവാൽനിയുടെ ധൈര്യത്തെയും ട്രൂഡോ പ്രശംസിച്ചു. സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയായിരുന്നു ആ ചെറുത്തുനിൽപെന്നും ട്രൂഡോ അനുസ്മരിച്ചു.
വെള്ളിയാഴ്ചയാണ് അലക്സി നവാൽനി മരണപ്പെട്ട വിവരം പുറത്തുവന്നത്. വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം സൈബീരിയയിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച നടക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട നവാൽനി കുഴഞ്ഞുവീണ് അബോധാവസ്ഥയിലായെന്നും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചതായും ജയിൽ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.