അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മേൽ ഉപരോധമേർപ്പെടുത്താൻ ട്രംപ്; ശമ്പള വിതരണവും ഐ.ടി സേവനങ്ങളും മുടങ്ങിയേക്കും
text_fieldsഅന്താരാഷ്ട്ര ക്രിമിനൽ കോടതി
വാഷിങ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) പ്രവർത്തനങ്ങളെയും ധനകാര്യ മേഖലയെയും സാരമായി ബാധിക്കുന്ന തരത്തിൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ആറ് മുതൽ ഏഴ് മാസം വരെയുള്ള ഇളവ് കാലാവധിക്ക് ശേഷം ഐ.സി.സിയുമായുള്ള ഭൂരിഭാഗം സാമ്പത്തിക ഇടപാടുകളും യു.എസ് വിലക്കുമെന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തത്.
ജഡ്ജിമാരെയും പ്രോസിക്യൂട്ടർമാരെയും മാത്രം ലക്ഷ്യമിടുന്നതിന് പകരം ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോടതിയെ തന്നെ പൂർണമായി ലക്ഷ്യമിടുന്നതാണ് വാഷിങ്ടണിന്റെ പുതിയ നടപടി. വരും ദിവസങ്ങളിൽ യു.എസ് ഉപരോധ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി വ്യക്തമാക്കുന്നത്. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലി യോഗത്തിലോ അതിന് ശേഷമോ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
ഉപരോധം പ്രാബല്യത്തിൽ വന്നാൽ യു.എസ് ട്രഷറിയുടെ പ്രത്യേക അനുമതിയില്ലാതെ അമേരിക്കൻ പൗരന്മാർക്കോ കമ്പനികൾക്കോ ഐ.സി.സിക്ക് പണമോ വസ്തുക്കളോ സേവനങ്ങളോ നൽകാൻ സാധിക്കില്ല. അമേരിക്കൻ സാമ്പത്തിക സംവിധാനത്തെ ആശ്രയിക്കുന്നതിനാൽ ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ഐ.സി.സിയുമായുള്ള ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയേറെയാണ്. ഇത് അന്താരാഷ്ട്ര കോടതിയുടെ ഐ.ടി സേവനങ്ങൾ, ഇൻഷുറൻസ്, ഇൻവെസ്റ്റിഗേറ്റർമാരുടെ നിയമനം, ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ദൈനംദിന ചെലവുകൾ എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് ഐ.സി.സി അധ്യക്ഷനും രജിസ്ട്രാറും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ആരോപിക്കപ്പെടുന്ന വ്യക്തികളെ വിചാരണ ചെയ്യുന്നതിനായി 2002ലാണ് ഐ.സി.സി രൂപീകരിച്ചത്. എന്നാൽ അമേരിക്ക ഇതുവരെ ഐ.സി.സിയിൽ അംഗമായിട്ടില്ല. 2025 ഫെബ്രുവരിയിൽ പ്രസിഡന്റ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം തദ്ദേശീയമായി ഇതിനകം നിരവധി ഐ.സി.സി ജഡ്ജിമാർക്കും പ്രോസിക്യൂട്ടർമാർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ കോടതി അധ്യക്ഷ ടോമോക്കോ അകാനെ, സീനിയർ ട്രയൽ വക്കീൽ അബ്ദുല്ല സയെ എന്നിവർക്ക് മേലും ഉപരോധം ഏർപ്പെടുത്തിയിരുന്നു.
കോടതിയിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ ശ്രമിക്കുന്നതിലൂടെ ഐ.സി.സി അതിരുകടക്കുകയാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. ഗസ്സയിലെ യുദ്ധക്കുറ്റങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർക്കെതിരെ 2024 നവംബറിൽ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് ബന്ധം കൂടുതൽ വഷളായത്. യു.എസിനെപ്പോലെ ഇസ്രായേലും ഐ.സി.സിയിൽ അംഗമല്ല. കൂടാതെ അഫ്ഗാനിസ്താനിലെ അമേരിക്കൻ സൈനികരുടെ ഇടപെടലുകളെക്കുറിച്ചുള്ള ഐ.സി.സി അന്വേഷണത്തിലും വാഷിങ്ടൺ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു.
കോടതിയെ കൂടുതൽ ഒറ്റപ്പെടുത്താൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ജൂലൈയിൽ കാമ്പയിൻ പ്രഖ്യാപിക്കുകയും മറ്റ് രാജ്യങ്ങളോട് ഐ.സി.സിയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനിടെ, ഈ ഉപരോധങ്ങൾ മനുഷ്യാവകാശ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു എന്ന് കാണിച്ച് നാല് യു.എസ് മനുഷ്യാവകാശ സംഘടനകൾ ട്രംപ് ഭരണകൂടത്തിനെതിരെ ഹരജി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

