Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെനസ്വേലൻ...

വെനസ്വേലൻ എണ്ണപ്പാടങ്ങളിലേക്ക് അമേരിക്ക; 'ലോക ചരിത്രത്തിലെ ഏറ്റവും വലിയ കരാറിൽ' എത്തിയതായി ട്രംപ്

text_fields
bookmark_border
വെനസ്വേലൻ എണ്ണപ്പാടങ്ങളിലേക്ക് അമേരിക്ക; ലോക ചരിത്രത്തിലെ ഏറ്റവും വലിയ കരാറിൽ എത്തിയതായി ട്രംപ്
cancel

വാഷിങ്ടൺ: വെനസ്വേലയുമായി അമേരിക്കൻ ഭരണകൂടം ലോക ചരിത്രത്തിലെ വലിയൊരു എണ്ണ വ്യാപാര കരാറിലെത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ നടപ്പായാൽ ദക്ഷിണ അമേരിക്കൻ രാജ്യത്തെ ഉപയോഗപ്പെടുത്താത്ത വൻകിട എണ്ണ നിക്ഷേപങ്ങളിൽ നിന്ന് അമേരിക്കക്ക് കുറഞ്ഞ വിലയിൽ എണ്ണ ലഭിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയുടെ പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ പിടികൂടി നാടുകടത്തിയ ശേഷം അമേരിക്ക നടത്തുന്ന സുപ്രധാന നീക്കമാണിത്. ഇറാൻ യുദ്ധത്തിന് ശേഷം ഇന്ധന വില വർധന കാരണം ട്രംപ് നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള നീക്കം കൂടിയാണ് ട്രംപ് നടത്തുന്നത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് എന്നിവരാണ് ഈ കരാറിന് രൂപം നൽകിയതെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി. "ലോകചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറിലാണ് അമേരിക്കൻ ഐക്യനാടുകൾ ഇപ്പോൾ വെനസ്വേല രാജ്യവുമായി ഏർപ്പെട്ടിരിക്കുന്നത്!" ട്രംപ് എഴുതി. കാരാരിലൂടെ 65 ബില്യൺ ബാരൽ എണ്ണ ശേഖരത്തിന്‍റെ ഉടമസ്ഥതയിൽ അമേരിക്കക്ക് മേൽക്കൈലഭിക്കും.

റോഡ്രിഗസിന്റെ സർക്കാരും കരാർ സ്ഥിരീകരിച്ചു. 65 ബില്യൺ ബാരൽ എണ്ണ നിക്ഷേപം പ്രതീക്ഷിക്കുന്ന 17 എണ്ണപ്പാടങ്ങളുടെ വികസനമാണ് കരാറിൽ ഉൾപ്പെടുന്നത്. വെനസ്വേലയുടെ എണ്ണ വ്യവസായത്തിലേക്ക് 100 ബില്യൺ ഡോളറിന്റെ നിക്ഷേപം ആകർഷിക്കാനും രാജ്യത്തിന് 209 ബില്യൺ ഡോളറിലധികം നികുതി വരുമാനം നേടിക്കൊടുക്കാനും ഈ കരാറിന് സാധിക്കുമെന്ന് റോഡ്രിഗസ് ഭരണകൂടം അറിയിച്ചു. രാജ്യത്തിന്റെ പുനരുജ്ജീവനത്തിൽ ഈ കരാർ വലിയ സ്വാധീനം ചെലുത്തുമെന്നും റോഡ്രിഗസ് ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ പറയുന്നു.

കരാർ പ്രകാരം സ്വകാര്യ ഓപ്പറേറ്ററുമായി ചേർന്ന് പുതിയൊരു സ്വകാര്യ കമ്പനി രൂപീകരിക്കാൻ യു.എസിന് അനുവാദമുണ്ടെന്നും യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കമ്പനിക്ക് 100 വർഷം എണ്ണപ്പാടങ്ങളിൽ നിന്ന് ഖനനം ചെയ്യുന്നതിനുള്ള അവകാശം റോഡ്രിഗസ് സർക്കാർ നൽകിയതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കമ്പനിയുടെ എണ്ണ ഉൽപ്പാദനത്തിന്റെ 55 ശതമാനവും അമേരിക്കയ്ക്ക് ലഭിക്കും. ഇതോടെ അമേരിക്കയ്ക്ക് കുറഞ്ഞ ചെലവിൽ എണ്ണ ലഭിക്കും. കരാർ നടപ്പായാൽ സൗദി ആരാംകോയ്ക്ക് ശേഷം എണ്ണ നിക്ഷേപങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ കോർപ്പറേറ്റ് ഉടമയായി ഈ കമ്പനി മാറുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഫെഡറൽ നാർക്കോട്ടിക് ഭീകരവാദവും മയക്കുമരുന്ന് കടത്തു കുറ്റങ്ങളും ആരോപിച്ച് വെനസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയിരിക്കുകയാണ് ട്രംപ് ഭരണകൂടം. ഇതിന് പിന്നാലെയാണ് പുതിയ എണ്ണ കരാർ.

വെള്ളിയാഴ്ച ഇറാനുമായുള്ള യുദ്ധം ആറുമാസം പിന്നിട്ടിട്ടും അവസാന സൂചനകളൊന്നുമില്ലാത്ത സാഹചര്യത്തിൽ ഉയർന്ന പെട്രോളിയം വില പിടിച്ചുനിർത്താൻ ട്രംപ് കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്. അമേരിക്ക തങ്ങളുടെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. 2026ന്റെ തുടക്കം മുതൽ 100 ദശലക്ഷം ബാരലിലധികം കുറഞ്ഞ്, ഈ വർഷം ആഗസ്ത് ആദ്യം ഈ ശേഖരം 300 ദശലക്ഷം ബാരലിൽ താഴെയായി എത്തിയിരുന്നു.

യു.എസും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗൾഫ് എണ്ണയുടെ നീക്കം ഗണ്യമായി മന്ദഗതിയിലാക്കാൻ കാരണമായി. ഈ സംഘർഷത്തിന് മുമ്പ് ലോകത്തിലെ പെട്രോളിയത്തിന്റെ ഏകദേശം 20% കടന്നുപോയിരുന്നത് ഈ പാതയിലൂടെയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venezuelaOil DealOil tradeSaudi oil fieldsVenezuelan oil
News Summary - Trump AnnouncesBiggest Oil Deal In World History With Venezuela
Next Story