ഫേസ്ബുക്കിൽ സ്വന്തം അക്കൗണ്ട് പൂട്ടിയപ്പോൾ മരുമകളുടെ അക്കൗണ്ടിൽ ട്രംപ്; അതിനും വിലക്ക്
text_fieldsവാഷിങ്ടൺ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പിന്നാലെ ഭരണസിരാകേന്ദ്രമായ കാപിറ്റോൾ ഹിൽ ആക്രമണത്തിനും സമൂഹ മാധ്യമമായ ഫേസ്ബുക്ക് ദുരുപയോഗം ചെയ്ത് പഴിയേറെ കേട്ട മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയത് മറികടക്കാൻ എളുപ്പ വഴി നോക്കിയപ്പോൾ അതും 'പൊലീസ് പൊക്കി'. മരുമകൾ ലാറ ട്രംപിന്‍റെ അക്കൗണ്ടിലായിരുന്നു അടുത്തിടെ ട്രംപ് വീണ്ടും തലപൊക്കിയിരുന്നത്. ഫേസ്ബുക്ക് കണ്ടുപിടിച്ചതോടെ കഴിഞ്ഞ ദിവസം അതുംവിലക്കി. ട്രംപിന്‍റെ വിഡിയോകൾ നീക്കം ചെയ്ത ഫേസ്ബുക്ക് ഇനിമേലിൽ ഇത് മുൻ പ്രസിഡന്‍റ് ഉപയോഗിക്കരുതെന്ന് നിർദേശവും നൽകി.
ട്രംപിന്‍റെ മകൻ എറികിന്‍റെ പത്നിയാണ് ലാറ. ട്രംപുമായി നടത്തിയ ഒരു അഭിമുഖം അടുത്തിടെ ലാറ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വൈകാതെ ഫേസ്ബുക്കിൽനിന്ന് ലാറക്ക് ഇമെയ്ൽ ലഭിച്ചു. ഇത് ട്രംപിന്‍റെ വിഡിയോ ആണെന്നും ആൾക്ക് വിലക്കുള്ളതാണെന്നുമായിരുന്നു സന്ദേശം. എന്നല്ല, ഇനിയും ആവർത്തിച്ചാൽ, അക്കൗണ്ടിനെതിരെ നിയന്ത്രണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
കാപിറ്റോൾ ഹിൽ ആക്രമണത്തിനു പിന്നാലെ ഫേസ്ബുക്ക് മാത്രമല്ല, ട്വിറ്റർ, സ്നാപ്ചാറ്റ്, യൂടൂബ് എന്നിവ ട്രംപിന്‍റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. അടുത്തൊന്നും ഈ വിലക്ക് നീക്കാൻ പദ്ധതികളില്ലെന്ന് ഫേസ്ബുക്ക് സി.ഇ.ഒ ഷെറിൽ സാൻഡ്ബെർഗ് പ്രഖ്യാപിക്കുകയും ചെയ്തു.
ഇത് മറികടക്കാൻ വൈകാതെ സ്വന്തം സമൂഹ മാധ്യമവുമായി ട്രംപ് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.