സ്വയം മാപ്പുനൽകി നിയമനടപടിയിൽ നിന്ന് തലയൂരാൻ ട്രംപിന്‍റെ നീക്കം
text_fieldsവാഷിങ്ടൺ: കാപിറ്റൽ ഹിൽ ബിൽഡിങ്ങിലെ അക്രമ സംഭവങ്ങളിലുള്ള നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീക്കം തുടങ്ങി. സ്വയം മാപ്പു നൽകാൻ പ്രസിഡന്‍റിന് അധികാരമുണ്ടെന്ന വാദം ഉയർത്തിയാണ് ട്രംപിന്‍റെ പുതിയ നീക്കം. ഈ വിഷയത്തിൽ വൈറ്റ് ഹൗസ് കൗൺസിൽ പാറ്റ് സിപോലോൻ, സഹായികൾ, അഭിഭാഷകർ അടക്കമുള്ള നിയമവിദഗ്ധരുടെ ഉപദേശം തേടിയതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ട്രംപ് സ്വയം മാപ്പുനൽകിയാൽ അത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്നാണ് വിവരം.
അതേസമയം, സ്വയം മാപ്പു നൽകാൻ പ്രസിഡന്‍റിന് അധികാരമുണ്ടോ എന്ന കാര്യത്തിൽ ഭരണഘടനാ വിദഗ്ധർ രണ്ടുതട്ടിലാണ്. പ്രസിഡന്‍റിന് സ്വയം മാപ്പുനൽകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നിയമ കുറിപ്പിൽ പറയുന്നു. എന്നാൽ, അദ്ദേഹത്തിന് സ്ഥാനമൊഴിയാൻ സാധിക്കും. കൂടാതെ, വൈസ് പ്രസിഡന്‍റിനോട് ചുമതലയേൽക്കാനും മാപ്പ് നൽകാനും ആവശ്യപ്പെടാവുന്നതാണ്. എന്നിരുന്നാലും, നിയമ കുറിപ്പുമായി ഇത് ബന്ധിപ്പിച്ചിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമെന്നറിയപ്പെടുന്ന അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ജനവിധി മറികടക്കാൻ പ്രസിഡൻറ് പ്രത്യക്ഷ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാതെ, തെരഞ്ഞെടുപ്പ് അപഹരിച്ചുവെന്ന് നിരന്തരം ആക്ഷേപം ഉന്നയിച്ചിരുന്ന ട്രംപ് വൈറ്റ്ഹൗസിന് സമീപം തടിച്ചുകൂടിയ അനുയായികളോട് കാപിറ്റലിലേക്ക് നീങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു.
മുൻ സഹായികളായ റോജർ സ്റ്റോൺ, പോൾ മനഫോർട്ട്, മരുമകൻ ജാരദ് കുഷ്നറുടെ പിതാവ് ചാൾസ് കുഷ്നർ എന്നിവരടക്കം 29 പേർക്ക് ട്രംപ് ഡിസംബർ 24ന് മാപ്പ് നൽകിയിരുന്നു. തെറ്റായ ആദായനികുതി രേഖ സമർപ്പിച്ച കേസിൽ 2004ൽ ശിക്ഷിക്കപ്പെട്ട ചാൾസ് കുഷ്നർ രണ്ടു വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് റോബർട്ട് മ്യൂളർ അന്വേഷണ സമിതി ശിക്ഷിച്ചവരാണ് സ്റ്റോണും മനഫോർട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.