വിപണിയിൽ തിരിച്ചടി; മെക്സിക്കോ, കാനഡ താരിഫ് ഏർപ്പെടുത്തുന്നതിൽ നിന്ന് തൽക്കാലത്തേക്ക് പിന്മാറി ട്രംപ്
text_fieldsവാഷിംങ്ടൺ: സാമ്പത്തിക വിപണികളിലെ തിരിച്ചടിക്കു പിന്നാലെ കാനഡയെയും മെക്സിക്കോയെയും ലക്ഷ്യം വച്ചുള്ള താരിഫുകൾ വൈകിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കമ്പനികൾക്കും ഉപഭോക്താക്കൾക്കും തിരിച്ചടി നൽകുന്ന തന്റെ വ്യാപാര തീരുമാനങ്ങൾ വിപണിയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വാദം ട്രംപ് തള്ളിക്കളഞ്ഞെങ്കിലും കാനഡക്കും മെക്സിക്കോക്കും മേൽ വ്യാപാര തീരുവ ചുമത്തുന്നത് ഏപ്രിൽ രണ്ടു വരെ നിർത്തിവെക്കാൻ തീരുമാനിച്ചു.
ട്രംപിന്റെ 25 ശതമാനം വരെയുള്ള തീരുവകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് ഓഹരി വിപണികൾ ഇടിഞ്ഞിരുന്നു. ഇത് യു.എസിന്റെ വളർച്ചയെ ബാധിക്കുമെന്നും പണപ്പെരുപ്പം ഏറ്റുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അത് അവഗണിച്ചായിരുന്നു ട്രംപിന്റെ നീക്കം.
പ്രതിസന്ധി കടുക്കുന്ന സൂചനകൾക്കു പിന്നാലെ വടക്കേ അമേരിക്കൻ വ്യാപാര കരാറിന്റെ പരിധിയിൽ വരുന്ന കനേഡിയൻ, മെക്സിക്കൻ ഇറക്കുമതികൾക്കുള്ള പുതിയ താരിഫുകൾ വൈകിപ്പിക്കാനുള്ള ഉത്തരവിൽ ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു. അടുത്ത മാസം രണ്ടു വരെ നീണ്ടുനിൽക്കുന്ന ഈ താൽക്കാലിക വിരാമം വാഹന നിർമാതാക്കൾക്ക് ആശ്വാസം പകർന്നു. ഓട്ടോ മേഖലയിലെ ഉൽപ്പാദനത്തിൽ വടക്കേ അമേരിക്കയുടെ മേധാവിത്വം നിലനിൽക്കുന്നുണ്ട്.
വലിയ മൂന്ന് യു.എസ് വാഹന നിർമാതാക്കളായ സ്റ്റെല്ലാന്റിസ്, ഫോർഡ്, ജനറൽ മോട്ടോഴ്‌സ് എന്നിവരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് യു.എസ്-മെക്സിക്കോ-കാനഡ കരാർ ( യു.എസ്.എം.സി.എ) പ്രകാരം വരുന്ന വാഹന കമ്പനികൾക്ക് ഒരു മാസത്തെ ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ, കനേഡിയൻ ഇറക്കുമതിയുടെ ഏകദേശം 62 ശതമാനം ഇപ്പോഴും പുതിയ താരിഫുകൾ നേരിടേണ്ടിവരുമെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മെക്സിക്കൻ ഇറക്കുമതിയുടെ പകുതിയോളം യു.എസ്.എം.സി.എ വഴിയാണ് വരുന്നത്.
ഏറ്റവും പുതിയ നീക്കങ്ങൾ ‘അമേരിക്കൻ കാർ നിർമാതാക്കൾക്ക് കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾ’ സൃഷ്ടിക്കുമെന്ന് ട്രംപ് പറഞ്ഞു. ഏപ്രിൽ 2 ന് കൂടുതൽ താരിഫുകൾ നിലവിൽ വരുമെന്നും അവ ‘പരസ്പര സ്വഭാവമുള്ളവ’ ആയിരിക്കുമെന്നും കൂട്ടിച്ചേർത്തു. അടുത്ത ആഴ്ച പ്രാബല്യത്തിൽ വരാനിരിക്കുന്ന സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കുള്ള വിശാലമായ താരിഫുകൾ പരിഷ്‍കരിക്കുകയില്ലെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ, ട്രംപിന്റെ താരിഫിൽ നിന്ന് ഭാഗിക പിൻമാറ്റം ഉണ്ടായിരുന്നിട്ടും യു.എസ് ഓഹരി വിപണികൾ വ്യാഴാഴ്ച വീണ്ടും ഇടിഞ്ഞു.
തന്റെ രാജ്യം ഏപ്രിൽ 2വരെ യു.എസ് ഉൽപ്പന്നങ്ങളുടെ രണ്ടാം തരംഗ താരിഫുമായി മുന്നോട്ട് പോകില്ലെന്നും എല്ലാ താരിഫുകളും നീക്കം ചെയ്യുന്നതിനായി തങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും ട്രംപിന്റെ തീരുമാനത്തിന് തൊട്ടുപിന്നാലെ കനേഡിയൻ ധനകാര്യ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് ‘എക്‌സിൽ’ എഴുതി.
ജനുവരിയിൽ രണ്ടാം തവണയും അധികാരമേറ്റതിനുശേഷം, ട്രംപ് സഖ്യകക്ഷികൾക്കും എതിരാളികൾക്കും നേരെ താരിഫ് ഭീഷണികൾ ഉയർത്തിവരികയാണ്. ട്രംപിന്റെ താരിഫുകൾ പണപ്പെരുപ്പമുണ്ടാക്കുമെന്ന ആശങ്ക തനിക്കില്ലെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. വിലകളിലെ ഏത് ആഘാതവും താൽക്കാലികമായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.