അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ സുനാമിയെന്ന് ട്രംപ്; ഉപദേശം വേണ്ടെന്ന് ബൈഡന്‍റെ പ്രസ് സെക്രട്ടറി
text_fieldsവാഷിങ്ടന്‍ ഡി.സി: അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റക്കാരുടേയും മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികളുടേയും സുനാമിയാണു രൂപപ്പെട്ടിരിക്കുന്നതെന്നു മുന്‍ പ്രസിഡന്‍റ് ട്രംപ്. ബൈഡന്‍ ഭരണകൂടം കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ തികച്ചും പരാജയപ്പെട്ടിരിക്കുന്നുവെന്നും മാര്‍ച്ച് അഞ്ചിനു വെള്ളിയാഴ്ച ട്രംപ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
നമ്മുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഇപ്പോള്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു. ബോര്‍ഡര്‍ പെട്രോള്‍, ഐസിഇ ഏജന്‍റുമാര്‍ തികച്ചും അവഗണിക്കപ്പെടുകയോ, അനഭിമതരാകുകയോ ചെയ്തിരിക്കുന്നു. നമ്മുടെ രാജ്യത്തു പ്രവേശിക്കാന്‍ അര്‍ഹതയില്ലാത്തവരുടെ എണ്ണം മണിക്കൂറുകളല്ല, മിനിട്ടുകള്‍ക്കുള്ളില്‍ വര്‍ധിച്ചു വഷളായിക്കൊണ്ടിരിക്കുന്നു.
അതിര്‍ത്തി പ്രദേശങ്ങളിലെ സമീപ സിറ്റികളില്‍ ബൈഡന്‍ ഭരണകൂടം സ്വതന്ത്രരാക്കി വിട്ടയക്കുന്ന കുടിയേറ്റക്കാരില്‍ കൊറോണ വൈറസ് പോസിറ്റിവാണെന്നു കണ്ടെത്തിയിട്ട് അവരെ തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ കഴിയാതെ ലോക്കല്‍ ഭരണകൂടം വിഷമസന്ധിയെ നേരിടുന്നു. ഈയിടെ ടെക്‌സസ് - മെക്‌സിക്കോ അതിര്‍ത്തി സിറ്റിയില്‍ വിട്ടയച്ച കുടിയേറ്റക്കാരില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ അവസ്ഥ ട്രംപ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും സുരക്ഷിതമായിരുന്ന നമ്മുടെ അതിര്‍ത്തി ബൈഡന്‍റെ ഭരണതുടക്കത്തില്‍ തന്നെ കൂടുതല്‍ അപകടകരമായ സ്ഥിതിയിലെത്തിയിരിക്കുന്നു. ബൈഡന്‍ ഭരണത്തില്‍ കയറിയത് ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതിനും നിയമങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു -ട്രംപ് പറഞ്ഞു.
ട്രംപിന്‍റെ ഉപദേശമോ, കൗണ്‍സിലിങ്ങോ ഈ വിഷയത്തില്‍ വേണ്ടെന്നു ബൈഡന്‍റെ പ്രസ് സെക്രട്ടറി ജാന്‍ സാക്കി പ്രതികരിച്ചത്. മാനുഷിക പരിഗണന നല്‍കി എല്ലാവരേയും സംരക്ഷിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.