വിവാഹേതര ബന്ധം മറച്ചുവെക്കാൻ പണം നൽകി; ട്രംപിന് കുരുക്ക്; അറസ്റ്റുണ്ടാകും?
text_fieldsവിവാഹേതര ബന്ധം മറച്ചുവെക്കാൻ അശ്ലീലചിത്ര നടിക്ക് പണം നൽകിയ കേസിൽ കുറ്റം ചുമത്തപ്പെട്ട് മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിന് വഴി തുറന്ന് മൻഹാട്ടൻ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. മൻഹാട്ടൻ ജില്ലാ അറ്റോണി ആൽവിൻ ബ്രാഗ് ആയിരുന്നു കേസ് അന്വേഷിച്ചത്.
ട്രംപിനെതിരെ ചുമത്തിയ കുറ്റങ്ങൾ പുറത്തുവിട്ടിട്ടില്ല. മുദ്രവെച്ച കവറിലുള്ള കുറ്റങ്ങൾ വരും ദിവസങ്ങളിൽ ജഡ്ജി പരസ്യമാക്കുമെന്നാണ് സൂചന.
അശ്ശീല ചിത്ര നടിക്ക് പണം നൽകുന്നത് നിയമം അംഗീകരിക്കുന്നതാണെങ്കിലും ഇത് വ്യവസായ ചെലവിനത്തിലാണ് ട്രംപ് രേഖപ്പെടുത്തിയിരുന്നത്. തനിക്ക് ട്രംപുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും അത് മറച്ചുവെക്കാൻ പണം നൽകിയിരുന്നെന്നും നടിയും പറയുന്നു.
ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്നത്. 2024ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വീണ്ടും ജയിക്കാനുള്ള ട്രംപിന്റെ മോഹങ്ങൾ ഇതോടെ അവസാനിച്ചേക്കും. 30 ഓളം കുറ്റങ്ങൾ ട്രംപിനെതിരെ ചുമത്തിയതായാണ് സൂചന.
എന്നാൽ, ഇത് രാഷ്ട്രീയ പ്രോസിക്യൂഷനാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉന്നതതലത്തിലുള്ള തെരഞ്ഞെടുപ്പ് ഇടപെടലാണെന്നും ട്രംപ് പ്രതികരിച്ചു. കേസിൽ നിയമപോരാട്ടത്തിന് സാമ്പത്തിക പിന്തുണ തേടി ദിവസങ്ങൾക്ക് മുമ്പ് ട്രംപ് രംഗത്തെത്തിയിരുന്നു. 20 ലക്ഷം ഡോളർ ഈയിനത്തിൽ ലഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
കേസ് നടപടികൾ പുരോഗമിക്കുന്ന മുറക്ക് ട്രംപിന് മൻഹാട്ടൻ കോടതിയിലെത്തി വിരലടയാളം ഉൾപ്പെടെ നൽകേണ്ടിവരും. എന്നാൽ, കേസ് രാഷ്ട്രീയ ആയുധമാക്കാനാണ് ട്രംപിന്റെ തീരുമാനം. വികാരം ആളിക്കത്തിച്ച് പരമാവധി റിപ്പബ്ലിക്കൻ അനുകൂല തരംഗം സൃഷ്ടിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ ജയം പിടിക്കാനാകുമെന്ന് മുൻ പ്രസിഡന്റ് കണക്കുകൂട്ടുന്നു.
ഇതേ കേസിൽ മാർച്ച് 18ന് രാജ്യവ്യാപക പ്രതിഷേധത്തിന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. 2021 ജനുവരി ആറിന് യു.എസ് കാപിറ്റോളിൽ സൃഷ്ടിച്ചതിന് സമാനമായ കലാപം ആവർത്തിക്കുമെന്ന് ആശങ്ക ഉയർന്നതിനാൽ കനത്ത സുരക്ഷയൊരുക്കിയാണ് അധികൃതർ ഇതിനെ നേരിട്ടത്. ഇത്തവണയും ന്യൂയോർകിലുൾപ്പെടെ കനത്ത സുരക്ഷയൊരുക്കി ഏതുതരം പ്രതിഷേധവും നേരിടാൻ സുരക്ഷാവിഭാഗം ഒരുക്കം തകൃതിയാക്കിയിട്ടുണ്ട്. എന്നാൽ, കാര്യമായ പ്രതിഷേധങ്ങൾക്ക് സാധ്യതയില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.