ട്രംപിനെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് പ്രോസിക്യൂട്ടർമാർ
text_fieldsന്യൂയോർക്: നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പുതിയ കുരുക്കുമായി പ്രോസിക്യൂട്ടർമാർ. 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ട്രംപിനെതിരെ പുതിയ കുറ്റങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിച്ചു. ഔദ്യോഗിക പദവിയിലിരുന്ന് ചെയ്ത കാര്യങ്ങൾക്ക് വിശാല നിയമ സംരക്ഷണമുണ്ടെന്ന സുപ്രീംകോടതി വിധി മറികടക്കാൻ പുതിയ കുറ്റപത്രം സഹായിക്കുമെന്നാണ് പ്രോസിക്യൂട്ടർമാരുടെ പ്രതീക്ഷ. അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ അഞ്ചിന് മുമ്പ് കേസ് കോടതിയിലെത്താൻ സാധ്യതയില്ല. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയെന്ന ആരോപണം ട്രംപ് നിഷേധിച്ചിരുന്നു.
ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സ്പെഷൽ കോൺസൽ ജാക്ക് സ്മിത്താണ് പുതുക്കിയ കുറ്റപത്രം സമർപ്പിച്ചത്. അമേരിക്കയെ വഞ്ചിക്കാൻ ശ്രമിച്ചു, ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്താൻ ഗൂഢാലോചന നടത്തി, ഔദ്യോഗിക നടപടി തടസ്സപ്പെടുത്താൻ ശ്രമിച്ചു, അവകാശങ്ങൾക്കെതിരായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്. അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് എന്നതിനെക്കാൾ രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് കുറ്റപത്രത്തിൽ ട്രംപിനെ സമീപിക്കുന്നത്.
അതേസമയം, എല്ലാ കുറ്റങ്ങളും ട്രംപ് നിഷേധിച്ചു. തനിക്കെതിരായ വേട്ട പുനരാരംഭിക്കാനും ഈ വർഷത്തെ തെരഞ്ഞെടുപ്പിൽനിന്ന് അമേരിക്കൻ ജനതയുടെ ശ്രദ്ധതിരിക്കാനുമുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. അധികാരത്തിലിരിക്കേ ചെയ്ത കാര്യങ്ങൾക്ക് ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്ന് കഴിഞ്ഞ ജൂലൈയിലാണ് സുപ്രീം കോടതി വിധിച്ചത്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ട്രംപിന് വലിയ ആശ്വാസമായിരുന്നു ഈ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.