യുക്രെയ്ൻ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം –ട്രംപ്
text_fieldsകിയവ്: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കാൻ ചർച്ച തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി ജീവനുകളാണ് യുദ്ധത്തിൽ പൊലിഞ്ഞത്. നിരവധി കുടുംബങ്ങൾ തകർന്നതായും ട്രംപ് ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാരിസിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്.
അതേസമയം, യുക്രെയ്നികളോട് നീതി കാണിക്കുന്നതായിരിക്കണം റഷ്യയുമായുള്ള സമാധാന ഉടമ്പടിയെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. റഷ്യയടക്കം ആർക്കും യുക്രെയ്നെ ആക്രമിക്കാൻ ഇനി അവസരം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. 2022 ഫെബ്രുവരി 24ന് റഷ്യ തുടങ്ങിയ യുദ്ധത്തിൽ യുക്രെയ്ന്റെ 43,000 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായും 3.70 ലക്ഷം സൈനികർക്ക് പരിക്കേറ്റതായും സമൂഹ മാധ്യമത്തിൽ സെലൻസ്കി അറിയിച്ചു.
1000 ദിവസത്തിലേറെ നീണ്ട യുദ്ധത്തിലുണ്ടായ സൈനിക നഷ്ടത്തെക്കുറിച്ച് റഷ്യയും യുക്രെയ്നും ഇതുവരെ കണക്കുകൾ പുറത്തുവിട്ടിരുന്നില്ല.
യുക്രെയ്ന് നൂറുകോടി ഡോളർ ആയുധ സഹായം
വാഷിങ്ടൺ: റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് കൂടുതൽ ആയുധ സഹായം പ്രഖ്യാപിച്ച് യു.എസ്. നൂറുകോടി ഡോളർകൂടി സഹായമാണ് യു.എസ് നൽകുകയെന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. ഡ്രോണുകളും ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സംവിധാനങ്ങൾക്കുള്ള വെടിക്കോപ്പുകളുമാണ് പുതിയ സഹായമായി കൈമാറുക. റഷ്യൻ ആക്രമണം തുടങ്ങിയശേഷം യുക്രെയ്ന് 62 ബില്യൻ ഡോളർ സഹായമാണ് യു.എസ് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.