ഇല്ലിനോയ്സ് പ്രൈമറിയിൽ മത്സരിക്കുന്നതിൽ നിന്നും ട്രംപിനെ അയോഗ്യനാക്കി യു.എസ് കോടതി
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർഥിയാവാനുള്ള ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ഇല്ലിനോയ്സ് സ്റ്റേറ്റിൽ നടക്കുന്ന പ്രൈമറിയിലെ ബാലറ്റിൽ നിന്നും ട്രംപിന്റെ പേര് ഒഴിവാക്കാൻ യു.എസ് കോടതി ഉത്തരവിട്ടു. ഇതോടെ ഇല്ലിനോയ്സ് സ്റ്റേറ്റിൽ നടക്കുന്ന പ്രൈമറിയിൽ ട്രംപിന് മത്സരിക്കാനാവില്ല. എന്നാൽ, ട്രംപിന് അപ്പീൽ നൽകുന്നതിനായി കോടതി തൽക്കാലത്തേക്ക് വിധി മരവിപ്പിച്ചിട്ടുണ്ട്.
ട്രംപിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഇല്ലിനോയ്സ് വോട്ടർമാർ നൽകിയ ഹരജി പരിഗണിച്ചാണ് ജഡ്ജി ട്രാസിയ പോർട്ടറിന്റെ ഉത്തരവ്. മാർച്ച് 19ന് നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പിലും നവംബർ അഞ്ചിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലും ട്രംപിനെ വിലക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
ട്രംപിന്റെ മത്സരിക്കാനുള്ള യോഗ്യതയെ സംബന്ധിച്ച് യു.എസ് സുപ്രീംകോടതി ഫെബ്രുവരി എട്ടിന് വാദം കേട്ടിരുന്നു. സുപ്രീംകോടതി വിധി അനുസരിച്ചാവും ഇല്ലിനോയ്സിലും ട്രംപിന്റെ മത്സരിക്കാനുള്ള യോഗ്യത സംബന്ധിച്ച് തീരുമാനമാവുക.
അതേസമയം, വിധിയെ ചരിത്രപരമെന്നാണ് ഫ്രീ സ്പീച്ച് ഫോർ പീപ്പിൾ എന്ന സംഘടന വിശേഷിപ്പിച്ചത്. അതേസമയം, വിധി ഭരണഘടന വിരുദ്ധമാണെന്നാണ് ട്രംപിന്റെ പ്രചാരണവിഭാഗം വക്താവ് പറഞ്ഞത്. കോളറാഡോ, മെയിൻ തുടങ്ങിയ യു.എസ് സ്റ്റേറ്റുകളും ട്രംപിന് മത്സരവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ രണ്ട് വിലക്കുകൾക്കും ട്രംപിന്റെ അപ്പീലിൽ താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയിരിക്കുകയാണ്.
യു.എസ് ഭരണഘടനയിലെ 14ാം ഭേദഗതിയിലെ സെക്ഷൻ മൂന്ന് പ്രകാരം ട്രംപിനെ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഹരജികളിലെ ആവശ്യം. യുഎസ് ഭരണഘടനയെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും തുടർന്ന് അതിനെതിരെ കലാപത്തിൽ ഏർപ്പെടുകയോ അല്ലെങ്കിൽ അതിൻ്റെ ശത്രുക്കൾക്ക് സഹായമോ നൽകുകയോ ചെയ്യുന്നവരെ ഭരണഘടന സ്ഥാനങ്ങളിൽ നിന്നും വിലക്കുന്നതാണ് സെക്ഷൻ മൂന്ന്.
2021 ജനുവരി ആറിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നത് തടയാൻ ട്രംപിന്റെ അനുകൂലികൾ യു.എസിലെ കാപ്പിറ്റോൾ ബിൽഡിങ്ങിൽ കലാപം നടത്തുകയായിരുന്നു. ഇതാണ് ഇപ്പോൾ മുൻ യു.എസ് പ്രസിഡന്റിന് കുരുക്കായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.