വാക്സിൻ വിരുദ്ധനെ അമേരിക്കയുടെ ആരോഗ്യ സെക്രട്ടറിയാക്കി ട്രംപ്; മരുന്ന് കമ്പനികള്‍ പൊതുജനാരോഗ്യം നശിപ്പിക്കുന്നെന്ന്
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ ആരോഗ്യ, മനുഷ്യസേവന വകുപ്പ് ചുമതലയിൽ വാക്സിൻ വിരുദ്ധൻ റോബർട്ട് എഫ്. കെന്നഡി ജൂനിയറെ നിയമിച്ച് നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വാക്സിന്‍ വിരുദ്ധ സംഘടനയായ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സിന്റെ ചെയര്‍മാനായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ, വാക്‌സിനുകള്‍ ഓട്ടിസത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുമെന്ന് വാദിക്കുന്നയാളാണ്.
വളരെക്കാലമായി, പൊതുജനാരോഗ്യത്തിന്‍റെ കാര്യത്തിൽ വഞ്ചനയിൽ ഏർപ്പെട്ടിരിക്കുന്ന വ്യാവസായിക ഭക്ഷ്യ, മരുന്ന് കമ്പനികൾ അമേരിക്കക്കാരെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കെന്നഡി ജൂനിയറിനെ നിയമനം പ്രഖ്യാപിച്ച് പങ്കുവെച്ച സമൂഹമാധ്യമ കുറിപ്പിൽ ട്രംപ് പറഞ്ഞു. ഇത് അവസാനിപ്പിച്ച് അമേരിക്കൻ ജനതയെ ആരോഗ്യമുള്ളവരാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെന്നഡി ജൂനിയർ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, പിന്നീട് ട്രംപിന് പിന്തുണ അറിയിക്കുകയായിരുന്നു.
അതേസമയം, ലോകത്തിലെ ഏറ്റവും പ്രമുഖ വാക്സിൻ വിരുദ്ധ പ്രവർത്തകരിൽ ഒരാളെന്ന നിലയിൽ കെന്നഡിയുടെ നാമനിർദേശം പൊതുജനാരോഗ്യ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കി. ട്രംപിന്‍റെ തീരുമാനത്തിനെതിരെ ആരോഗ്യ പ്രവർത്തകർ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. മാൻഡി കോഹൻ അടക്കം പ്രമുഖർ എതിർപ്പുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.