മാർക്കോ റൂബിയോ സ്റ്റേറ്റ് സെക്രട്ടറി, മൈക്ക് വാൾട്സ് സുരക്ഷ ഉപദേഷ്ടാവ്
text_fieldsവാഷിങ്ടൺ: യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായി മാർകോ റൂബിയോയെയും ദേശീയ സുരക്ഷ ഉപദേഷ്ടാവായി മൈക് വാട്സിനെയും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചേക്കുമെന്ന് സൂചന. ന്യൂയോർക് ടൈംസ് പത്രമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ ട്രംപ് ടീമിൽനിന്ന് ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചിട്ടില്ല. ട്രംപിന്റെ തീരുമാനം ഏത് നിമിഷവും മാറാൻ സാധ്യതയുണ്ടെങ്കിലും ഇരുവരുടെയും നിയമനം ഏറക്കുറെ ഉറപ്പായതായി രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കി.
ഇന്ത്യയുമായി വളരെ അടുപ്പം പുലർത്തുന്ന 53 കാരനായ റൂബിയോ, ചൈനയോടും ഇറാനോടും കടുത്ത നിലപാടുള്ള സെനറ്റ് അംഗമാണ്. ഹോങ്കോങ്ങിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടിന്റെ പേരിൽ 2020ൽ ചൈന ഇയാൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിന്റെ പരിഗണനയിലുണ്ടായിരുന്നവരിൽ പ്രധാനിയാണ് റൂബിയോ. ഇസ്രായേൽ അനുകൂല നിലപാടുള്ള റൂബിയോ, ഗസ്സ ഏറ്റുമുട്ടലിൽ ഇസ്രായേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് ആരോപിച്ചിരുന്നു.
ഫ്ലോറിഡയിൽനിന്നുള്ള അംഗമായ വാട്സിനും ഇന്ത്യയുമായി നല്ല ബന്ധമുണ്ട്. യു.എസ് കോൺഗ്രസിൽ ഇന്ത്യൻ അമേരിക്കൻ വിഭാഗത്തിന്റെ ഉപാധ്യക്ഷനായി നിരവധി കാലം പ്രവർത്തിച്ചിട്ടുണ്ട് വാട്സ്. രാജ്യത്തെ ബാധിക്കുന്ന സുരക്ഷാകാര്യങ്ങൾ യു.എസ് പ്രസിഡന്റിനെ അറിയിക്കുന്നത് സുരക്ഷ ഉപദേഷ്ടാവാണ്. വാട്സിന്റെയും റൂബിയോയുടെയും നിയമനം ഇന്ത്യയുമായുള്ള യു.എസിന്റെ ബന്ധവും മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. അഫ്ഗാനിസ്താനിൽനിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള ജോ ബൈഡന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച വാട്സ്, റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ന് യൂറോപ് കൂടുതൽ സഹായം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.