രണ്ടാം സംവാദത്തിനുള്ള ക്ഷണം നിരസിച്ച് ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: രണ്ടാം സംവാദത്തിനുള്ള ക്ഷണം നിരസിച്ച് റിപബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസുമായി രണ്ടാമതും സംവാദം നടത്താൻ സി.എൻ.എൻ ആണ് ഡോണാൾഡ് ട്രംപിനെ ക്ഷണിച്ചത്. എന്നാൽ, കമല ക്ഷണം സ്വീകരിച്ചപ്പോൾ ട്രംപ് നിരസിക്കുകയായിരുന്നു.
ഒക്ടോബർ 23നാണ് സി.എൻ.എൻ സംവാദം നടത്താൻ നിശ്ചയിച്ചിരുന്നത്. സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കുന്നതിന് ഡോണാൾഡ് ട്രംപിന് മുന്നിൽ തടസങ്ങളൊന്നുമില്ല. ജൂണിൽ ട്രംപിന് മേൽക്കൈ ഉണ്ടായ സംവാദത്തിന്റെ അതേ രീതിയിൽ തന്നെയാണ് സി.എൻ.എൻ ഇപ്പോഴും അത് നടത്തുന്നത്. അന്ന് സി.എൻ.എൻ മോഡറേറ്റർമാരെ ട്രംപ് അഭിനന്ദിച്ചിരുന്നുവെന്നും കമല ഹാരിസിന്റെ പ്രചാരണവിഭാഗം ചൂണ്ടിക്കാട്ടി.
തുടർന്ന് സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ചതായി കമല ഹാരിസ് എക്സ് അക്കൗണ്ടിലൂടെ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഡോണാൾഡ് ട്രംപും സംവാദത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കമല ഹാരിസ് പറഞ്ഞു.
കമല ഹാരിസ് സി.എൻ.എൻ ക്ഷണം സ്വീകരിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇനി സംവാദത്തിനില്ലെന്ന ട്രംപിന്റെ മുൻ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രചാരണവിഭാഗത്തിന്റെ മറുപടി. കമല ഹാരിസ് ഒരു സംവാദത്തിൽ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്. ഞാൻ രണ്ടെണ്ണത്തിൽ പങ്കെടുത്തു. ഇനിയും ഒരു സംവാദത്തിനുള്ള സമയമില്ലെന്ന് ഡോണാൾഡ് ട്രംപ് തന്നെ പറയുകയും ചെയ്തു.
സെപ്തംബർ 10ന് ഫിലാഡൽഫിയയിൽ വെച്ചാണ് ഡോണാൾഡ് ട്രംപും കമല ഹാരിസും തമ്മിൽ ആദ്യ സംവാദം നടത്തിയത്. സംവാദത്തിൽ ട്രംപിനേക്കാൾ മേൽക്കെ കമല ഹാരിസിന് ഉണ്ടായിരുന്നതായി വിലയിരുത്തലുകളുണ്ടായിരുന്നു. സംവാദത്തിന് പിന്നാലെ കമല ഹാരിസിന്റെ ജനപ്രീതിയും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.