ജോർജ് ഫ്ലോയിഡിൻെറ കൊലയിൽ പ്രതിഷേധിച്ചവർ 'കൊള്ളക്കാർ', ഗാന്ധി പ്രതിമയെപ്പോലും വെറുതെവിട്ടില്ല -ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസിൽ ആഫ്രോ അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ചവരെ 'ഒരു കൂട്ടം കൊള്ളക്കാരെ'ന്ന് വിശേഷിപ്പിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പ്രതിഷേധവുമായെത്തിയവർ വാഷിങ്ടൺ ഡി.സിയിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയെ പോലും വെറുതെ വിട്ടില്ലെന്നും അതിലൂടെ അവർ ഒരു കൂട്ടം കൊള്ളക്കാരാണെന്ന് തെളിയിച്ചതായും ട്രംപ് പറഞ്ഞു. മിനിസോട്ടയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
മേയ് 25നാണ് മിനിയോപോളിസിലെ വെള്ളക്കാരായ പൊലീസുകാർ േഫ്ലായിഡിനെ മോഷ്ടാവെന്ന് ആരോപിച്ച് കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഫ്ലോയിഡിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ഫ്ലോയിഡിൻെറ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന അവസാന വാചകങ്ങൾ ഏറ്റെടുത്ത് യു.എസിൽ 'ബ്ലാക്ക് ലൈവ്സ് മാറ്റർ' കാമ്പയിനിൻെറ ചുവടുപിടിച്ച് വൻ പ്രതിഷേധവും അരേങ്ങറി.
'എബ്രഹാം ലിങ്കൻെറ പ്രതിമ തകർത്തായിരുന്നു തുടക്കം. പിന്നീട് ജോർജ് വാഷിങ്ടണിനെയും തോമസ് ജെഫേഴ്സണെയും ആക്രമിച്ചു. മഹാത്മഗാന്ധിയെപ്പോലും അവർ വെറുതെ വിട്ടില്ല. എല്ലാ ഗാന്ധിയുടെയും ആവശ്യം സമാധാനം മാത്രമാണ്. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് പോലും അറിയില്ല' -ട്രംപ് കൂട്ടിച്ചേർത്തു.
ഒരു കൂട്ടം കൊള്ളക്കാരാണ് അതു ചെയ്തതെന്ന് ഞാൻ കരുതുന്നു. സത്യം നിങ്ങൾ അറിയണം. ഇത്തരം നാശനഷ്ടങ്ങളുണ്ടാക്കുന്നവരെ 10 വർഷത്തേക്ക് ജയിലിൽ അടക്കുന്ന ഉത്തരവിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇപ്പോൾ പ്രതിമ തകർത്തവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
'ചരിത്രത്തെ എടുത്തുകളയാനാകണ് അവരുടെ ശ്രമം. പശ്ചിമേഷ്യയിലും അങ്ങനെ തന്നെ. ഐ.എസ് ചെയ്യുന്നതും അതുതന്നെ. അവർ മ്യൂസിയങ്ങൾ തകർക്കുന്നു. എല്ലാം തകർത്ത് ഇല്ലാതാക്കുന്നു. അങ്ങനെ ചരിത്രം ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അവർക്കൊരിക്കലും യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ചരിത്രം ഇല്ലാതാക്കാൻ കഴിയില്ല. ഞാൻ ഇവിടെയുള്ളടത്തോളം കാലം' -ട്രംപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.