ബൈഡന് വയസായി; ഭരിക്കാൻ കഴിവില്ല -അഭിപ്രായ സർവേയിൽ ട്രംപിന് മേൽക്കൈ
text_fieldsവാഷിങ്ടൺ: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ സർവേയിൽ പ്രസിഡന്റ് ജോ ബൈഡനേക്കാൾ മേൽക്കൈ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. എ.ബി.സി ന്യൂസും വാഷിങ്ടൺ പോസ്റ്റും നടത്തിയ പുതിയ സർവേയിലാണ് ട്രംപിന്റെ മുന്നേറ്റം. അഭിപ്രായ സർവേയിൽ ബൈഡന്റെ റേറ്റിങ് 19 ആയി കുറഞ്ഞുവെന്ന് കണ്ടെത്തി. യു.എസ് സമ്പദ്‍വ്യവസ്ഥ, കുടിയേറ്റം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്ത രീതിയാണ് ബൈഡന്റെ ജനപ്രീതി ഇടിച്ചത്.
ജോ ബൈഡന്റെ ഭരണകാലത്ത് തങ്ങളുടെ സാമ്പത്തികാവസ്ഥ പരിതാപകരമായെന്ന് 44 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത ചിലർ ബൈഡന്റെ പ്രായത്തെയും ചോദ്യം ചെയ്തു. വയസായതിനാൽ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാംവട്ടം മത്സരിക്കാൻ ബൈഡൻ യോഗ്യനല്ലെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ട്രംപിന് വയസായ കാര്യവും ചിലർ ചൂണ്ടിക്കാട്ടി.
എന്നാൽ ട്രംപിന്റെ റേറ്റിങ് മെച്ചപ്പെട്ടിരിക്കുകയാണ്. 2021 ൽ അധികാരത്തിലിരിക്കെ 38 ശതമാനം ആളുകളാണ് ട്രംപിനെ പിന്തുണച്ചിരുന്നത്. ഇപ്പോഴത് 48 ശതമാനമായി വർധിച്ചിട്ടുണ്ട്. എന്നാൽ പ്രസിഡന്റ് എന്ന നിലയിൽ തികഞ്ഞ പരാജയമായിരുന്നു ട്രംപ് എന്ന് 49 ശതമാനം ആളുകൾ പ്രതികരിച്ചിട്ടുണ്ട്. 56 ശതമാനം ആളുകൾ ബൈഡന് ഭരണപരമായ കഴിവില്ലെന്നും ചൂണ്ടിക്കാട്ടി. ട്രംപ് ആയിരുന്നു മെച്ചമെന്നും പലരും വിലയിരുത്തി.
അതേസമയം, 2020ലെ തെരഞ്ഞെടുപ്പിൽ ട്രംപ് വിജയം അർഹിച്ചിരുന്നു എന്ന കാര്യത്തിൽ കൂടുതൽ ആളുകൾ അല്ല എന്നാണ് രേഖപ്പെടുത്തിയത്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡനെക്കാൾ മികച്ച സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ ഡെമോക്രാറ്റിക് പാർട്ടി ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.