2024ൽ വീണ്ടും പ്രസിഡന്‍റായാൽ സുക്കർബര്‍ഗിനെ വൈറ്റ്ഹൗസിലെ വിരുന്നിന് ക്ഷണിക്കില്ലെന്ന് ട്രംപ്
text_fieldsവാഷിങ്ടണ്‍ ഡി.സി: 2024ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും യു.എസ് പ്രസിഡന്‍റായാല്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന വിരുന്നിലേക്ക് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കർബര്‍ഗിനെ ക്ഷണിക്കില്ലെന്ന് ഡോണൾഡ് ട്രംപ്. രണ്ട് വർഷത്തേക്ക് ട്രംപിനെ ഫേസ്ബുക് വിലക്കിയതിന് പിന്നാലെയാണ് പ്രതികരണം. 2023 ജനുവരിയിൽ മാത്രമേ ട്രംപിന്‍റെ വിലക്ക് നീക്കൂവെന്നാണ് ഫേസ്ബുക് അറിയിച്ചത്.
ആഗസ്റ്റ് മാസത്തോടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിവരാനോ, അല്ലെങ്കിൽ 2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാനോ സാധിക്കുമെന്ന പ്രതീക്ഷ ട്രംപിനുണ്ടെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാത്ത ട്രംപ് വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചിരുന്നു. ട്രംപിനെ നേരിയ വ്യത്യാസത്തില്‍ തോല്‍പിച്ച അരിസോണ സംസ്ഥാനത്ത് റീ കൗണ്ടിങ് പുരോഗമിക്കുകയാണ്. പെന്‍സില്‍വാനിയായിലും റീകൗണ്ടിങ്ങിനുള്ള നടപടികള്‍ ആലോചിച്ചു വരുന്നു. ആഗസ്റ്റോടെ കൗണ്ടിങ് പൂര്‍ത്തിയായാൽ രണ്ടു സംസ്ഥാനങ്ങളും ലഭിക്കുമെന്നാണ് ട്രംപിന്‍റെ പ്രതീക്ഷ.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഭരണസിരാകേന്ദ്രമായ കാപിറ്റോളിൽ അതിക്രമം അഴിച്ചുവിടാൻ പ്രേരിപ്പിച്ച് പോസ്റ്റിട്ടതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ അനിശ്ചിത കാലത്തേക്ക് സമൂഹ മാധ്യമങ്ങളിൽ ട്രംപിന് വിലക്ക് വീണിരുന്നു. സമയം നിശ്ചയിക്കാത്ത വിലക്കിനെതിരെ ഫേസ്ബുക്ക് ഓവർസൈറ്റ് ബോർഡ് രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു വർഷത്തേക്ക് വിലക്കാൻ തീരുമാനമെടുത്തത്. ജനുവരി ഏഴിന് ആദ്യമായി വിലക്കുവീണതു മുതൽ രണ്ടു വർഷത്തേക്കാണ് നിലനിൽക്കുക. അതുകഴിഞ്ഞ് തിരിച്ചുവന്നാലും കൂടുതൽ കടുത്ത നിയന്ത്രണങ്ങളോടെയാകും അനുവദിക്കുക.
എന്നാൽ, പുതിയ നീക്കം തനിക്ക് വോട്ടുചെയ്ത ഏഴര കോടി അമേരിക്കക്കാരോടുള്ള വെല്ലുവിളിയാണെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയത്. 2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ മുന്നോടിയായി സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നേരത്തെ തുടങ്ങാമെന്ന മോഹങ്ങൾക്കാണ് ഇതോടെ തിരിച്ചടിയായത്.
ആഗോള സമൂഹ മാധ്യമ ഭീമന്മാരെ വെല്ലുവിളിച്ച് ട്രംപ് സ്വന്തം സമൂഹ മാധ്യമ പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നുവെങ്കിലും പഴകിയ വേഡ്പ്രസ് രൂപത്തിലായതിനാൽ എവിടെയുമെത്താതെ അടച്ചുപൂട്ടിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.