ചൈനക്ക് ട്രംപിന്‍റെ തിരിച്ചടി; 24 മണിക്കൂറിനുള്ളിൽ പകരച്ചുങ്കം പിൻവലിച്ചില്ലെങ്കിൽ അധിക തീരുവയായി 50 ശതമാനം കൂട്ടുമെന്ന് ട്രംപിന്‍റെ ഭീഷണി
text_fieldsവാഷിങ്ടണ്‍: അമേരിക്ക- ചൈന വ്യാപാര യുദ്ധം കൂടുതൽ ശക്തമാകുന്നു. ആഗോള വിപണി തകർന്നടിയുമ്പോഴും താരിഫ് യുദ്ധത്തിൽ നിന്ന് പിന്മാറാതെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിൻവലിച്ചില്ലെങ്കിൽ അധിക തീരുവയായി 50 ശതമാനം കൂടി കൂട്ടുമെന്ന് ട്രംപിന്‍റെ ഭീഷണി. നടപ്പിലാക്കിയ 20 ശതമാനം താരിഫുകൾക്കും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച 34 ശതമാനത്തിനും പുറമെയാണിത്. ഭീഷണി നടപ്പായാൽ ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ വരുന്നത് 104 ശതമാനം തീരുവയാകും. രണ്ട് ദിവസം മുമ്പാണ് യു.എസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ചൈന പ്രഖ്യാപിച്ചത്.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി യു.എസ്. പ്രഖ്യാപിച്ചതിന് പകരമായാണ് ചൈന യു.എസിനെതിരെ പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ട്രംപിന്‍റെ തിരിച്ചടി.
തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്‌ക്കെതിരായ നികുതി പ്രഖ്യാപിച്ചത്. യു.എസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി ചൈന പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും അധികമായി 50 ശതമാനം നികുതികൂടി ചുമത്തുമെന്നാണ് ട്രംപ് തന്‍റെ സമുഹ മാധ്യമ പോസ്റ്റിലൂടെ അറിയിച്ചത്.
യു.എസ് തീരുവകൾക്കെതിരെ 'അവസാനം വരെ' പോരാടുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രതികരിച്ചു.
അമേരിക്കയുടെ വ്യാപാരക്കമ്മി കുറക്കാനെന്ന പേരിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് 10 മുതൽ 49 ശതമാനം വരെ ട്രംപ് ഇറക്കുമതി ചുങ്കം ചുമത്തിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പകരചുങ്കം പ്രഖ്യാപിച്ചിരുന്നു. താരിഫ് ചുമത്തുന്നുതിൽ നിന്ന് പിന്മാറില്ലെന്നും ട്രംപ് വ്യക്തമാക്കി. യു.എസിനെതിരെ പകരചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രം ഇനി ചർച്ചക്ക് നിൽക്കുകയുള്ളുവെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് 'വിമോചന ദിനമായി' അറിയപ്പെടുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിലൂടെ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.