എച്ച് 1ബി വിസക്കുള്ള നിയന്ത്രണം നീക്കി അമേരിക്ക
text_fieldsവാഷിങ്ടൺ: യു.എസ്. കമ്പനികൾക്ക് മറ്റു രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധരെ ജോലിക്കായി നിയോഗിക്കാൻ സഹായിക്കുന്ന എച്ച് 1 ബി ഉൾപ്പെടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസക്കുള്ള നിയന്ത്രണങ്ങൾ നീക്കി പ്രസിഡന്‍റ് ജോ ബൈഡൻ. ഡോണൾഡ് ട്രംപ് പ്രസിഡന്‍റായിരിക്കെ 2020ൽ ഏർപ്പെടുത്തിയിരുന്ന വിലക്കാണ് ഇല്ലാതായത്. ഐ.ടി, ശാസ്ത്ര, എൻജിനീയറിങ് അടക്കമുള്ള മേഖലകളിലെ പ്രഫഷണലുകളായ ഇന്ത്യൻ പൗരന്മാർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ബൈഡൻ ഭരണകൂടത്തിന്‍റെ പുതിയ തീരുമാനം.
എച്ച് 1 ബി കൂടാതെ ഹോട്ടൽ, നിർമാണമേഖലകളിലെ എച്ച് 2 ബി, വലിയ കോർപറേറ്റ് സ്ഥാപനങ്ങളിൽ ജോലിക്കുള്ള എൽ 1, ഗവേഷകർ, പ്രഫസർമാർ എന്നിവർക്കുള്ള ജെ 1 വിസകൾക്കുണ്ടായിരുന്ന വിലക്കുകളും ഇല്ലാതായിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്‍റെ വിലക്ക് മാർച്ച് 31ന് അവസാനിരിക്കെ പ്രസിഡന്‍റ് ബൈഡൻ പുതിയ ഉത്തരവ് ഇറക്കാതെയിരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഇല്ലാതായത്.
വിദേശികളുടെ സാന്നിധ്യം വലിയ ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി 2020 ജൂണിലാണ് അമേരിക്കയിലേക്കുള്ള തൊഴിലാളി വിസകൾക്ക് താൽകാലിക നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇന്ത്യൻ പ്രഫഷനലുകൾ ആശ്രയിക്കുന്ന എച്ച്1ബി, സാങ്കേതിക പരിജ്ഞാനം കുറഞ്ഞവർക്കുള്ള എച്ച്-2ബി, വിസയിൽ കഴിയുന്നവരുടെ പങ്കാളികൾക്കുള്ള എച്ച്-4, ജെ, എൽ തുടങ്ങി എല്ലാ വിസകളും നിർത്തലാക്കി. തുടർന്ന്, 2020 ഡിസംബർ 31ന് നിയന്ത്രണ കാലാവധി വീണ്ടും നീട്ടുകയായിരുന്നു.
യു.എസിലേക്ക് കുടിയേറാൻ കൊതിച്ച പതിനായിരങ്ങൾക്ക് അവസര നിഷേധത്തിനു പുറമെ മുൻനിര ഇന്ത്യൻ കമ്പനികൾക്ക് വരുമാന നഷ്ടത്തിനും വിസാ വിലക്ക് ഇടയാക്കിയിരുന്നു. യു.എസിലെ ഇന്ത്യൻ കമ്പനികൾ സ്വദേശികളെ അപേക്ഷിച്ച് വേതനം കുറവുള്ള ഇന്ത്യക്കാരെയാണ് തൊഴിൽമേഖലയിൽ പരിഗണിച്ചിരുന്നത്.
എച്ച്-1ബി വിസ ഏറ്റവും കൂടുതൽ നൽകുന്നത് ഓൺലൈൻ വ്യാപാര ഭീമനായ ആമസോണാണ്. രണ്ടാമത് ഗൂഗ്ളും മൂന്നാം സ്ഥാനത്ത് ഇന്ത്യൻ കമ്പനി ടാറ്റ കൺസൾട്ടൻസിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.