ട്രംപിന്റെ വിജയം ഗസ്സ വെടിനിർത്തൽ ചർച്ചകൾ വൈകിപ്പിക്കുമെന്ന് സൂചന
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയം ഗസ്സ വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതമായി വൈകിപ്പിക്കുമെന്ന് സൂചന. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ നടത്തിയ സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ, തെരഞ്ഞെടുപ്പ് പൂർത്തിയാകാൻ കാത്തിരിക്കുകയായിരുന്നു ഖത്തറിന്റെയും ഇസ്രായേലിന്റെയും ഗസ്സയുടെയും നേതൃത്വം. വെടിനിർത്തൽ ചർച്ചകൾ വീണ്ടും പുനരാരംഭിക്കുകയാണെങ്കിൽ തന്നെ ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ജനുവരി 20വരെ കാത്തിരിക്കേണ്ടിവരും.
ഒരു വർഷത്തിലേറെയായി തുടരുന്ന ഗസ്സ ആക്രമണം ട്രംപ് ഏതു രീതിയിൽ കൈകാര്യം ചെയ്യുമെന്ന കാര്യവും അവ്യക്തമാണ്. എങ്കിലും ഇസ്രായേലിന്റെ ഗസ്സ ആക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആവശ്യപ്പെട്ടിരുന്നു. യുദ്ധം തുടങ്ങില്ലെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കാൻ പോവുകയാണെന്നുമാണ് വിജയ പ്രസംഗത്തിൽ അദ്ദേഹം അനുയായികളോട് പറഞ്ഞത്.
അതേസമയം, യു.എസ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം വെടിനിർത്തൽ ചർച്ചകളിൽ നടപടി സ്വീകരിക്കാമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിലപാട്. മാസങ്ങളോളം ശ്രമിച്ചിട്ടും ബൈഡൻ ഭരണകൂടവും മധ്യസ്ഥരും മുന്നോട്ടുവെച്ച മൂന്നുഘട്ട വെടിനിർത്തൽ പദ്ധതി അംഗീകരിക്കാൻ നെതന്യാഹു തയാറായിരുന്നില്ല. ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ, വെടിനിർത്തൽ കരാർ നടപ്പാക്കണമെന്ന സമ്മർദത്തിൽനിന്ന് തൽക്കാലം ഒഴിവായിരിക്കുകയാണ് അദ്ദേഹം. ബൈഡൻ പുറത്തുപോകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഭരണകൂടം തയാറാക്കിയ വെടിനിർത്തൽ പദ്ധതികൾ അപ്രസക്തമായെന്നും ഇതു പുനരാരംഭിക്കാൻ നെതന്യാഹു താൽപര്യമെടുക്കുമെന്ന് കരുതാൻ കഴിയില്ലെന്നും ഗവേഷണ കേന്ദ്രമായ ലണ്ടനിലെ റോയൽ യുനൈറ്റഡ് സർവിസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പശ്ചിമേഷ്യ വിദഗ്ധൻ മിഷേൽ സ്റ്റീഫൻ പറഞ്ഞു.
അതിനിടെ, ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയിട്ട് നിലപാട് തീരുമാനിക്കാമെന്നാണ് ഹമാസ് നേതൃത്വം അറിയിച്ചത്. ഫലസ്തീൻ ജനതയോടും അവരുടെ അവകാശങ്ങളോടുമുള്ള പുതിയ അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടും പ്രായോഗിക നയങ്ങളെയും ആശ്രയിച്ചായിരിക്കും തങ്ങളുടെ സമീപനമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.