''ബുർഖ ധരിക്കാത്ത സ്ത്രീകൾ മൃഗങ്ങളെ പോലെ'' കാന്തഹാറിൽ പോസ്റ്റർ പതിച്ച് താലിബാൻ
text_fieldsകാബൂൾ: ''ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കാത്ത സ്ത്രീകൾ മൃഗങ്ങളെ പോലെയാകാൻ ശ്രമിക്കുകയാണെന്ന്''രേഖപ്പെടുത്തിയ പോസ്റ്ററുകളുമായി താലിബാൻ പൊലീസ്. തെക്കൻ അഫ്ഗാൻ നഗരമായ കാന്തഹാറിലാണ് ഇത്തരത്തിൽ പോസ്റ്ററുകൾ പതിച്ചത്.
ബുർഖയുടെ (മുഖാവരണം) ചിത്രവും പോസ്റ്ററിലുണ്ട്. കഫേകൾക്കും കടകൾക്കും പരസ്യ ഹോർഡിങ്ങുകൾക്കും മുകളിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ഇറുകിയതും ശരീരം മുഴുവൻ മറക്കാത്തതും സുതാര്യവുമായ വസ്ത്രം ധരിക്കുന്നവർ നിയമലംഘനമാണ് നടത്തുന്നതെന്ന് താലിബാൻ വ്യക്തമാക്കി. പോസ്റ്ററുകളെ കുറിച്ച് കാബൂളിലെ താലിബാൻ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ആഗസ്റ്റിൽ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതുമുതൽ താലിബാൻ സ്ക്രീകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്ത്രീകൾ വീട്ടിൽ തന്നെ കഴിഞ്ഞാൽ മതിയെന്നും പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മുഖവും ശരീരവും മൂടുന്ന വസ്ത്രം ധരിക്കണമെന്നും കാണിച്ച് ഇക്കഴിഞ്ഞ മേയിൽ താലിബാൻ നേതാവും പരമാധികാരിയുമായ ഹിബത്തുല്ല അഖുൻസാദ ഉത്തരവിറക്കിയിരുന്നു.
അധികാരം പിടിച്ചെടുത്തപ്പോൾ മുൻ ഭരണത്തിലേതു പോലെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കില്ലെന്നാണ് താലിബാൻ നൽകിയ ഉറപ്പ്. എന്നാൽ അധികാരത്തിലേറി ഒരുമാസത്തിനുള്ളിൽ തന്നെ സ്ത്രീകളെ പൊതുയിടങ്ങളിൽ നിന്ന് മാറ്റാനുള്ള നിയമങ്ങൾ കൊണ്ടുവന്നു. പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുകയും പുരുഷൻമാരായ ബന്ധുക്കൾ കൂടെയുണ്ടെങ്കിൽ മാത്രം സ്ത്രീകൾ പുറത്തിറങ്ങിയാൽ മതിയെന്നും നിയമം കൊണ്ടുവന്നു. പുരുഷൻമാർക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളിൽ സ്ത്രീകൾക്ക് ഒറ്റക്ക് സന്ദർശനം നടത്താമെന്നും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.