തുനീഷ്യയിൽ അന്നഹ്ദ ആസ്ഥാനം പൂട്ടി; റാശിദ് ഗനൂശി അറസ്റ്റിൽ
text_fieldsതൂനിസ്: തുനീഷ്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയും ഇസ്‍ലാമിക പ്രസ്ഥാനവുമായ അന്നഹ്ദയുടെ ആസ്ഥാനം സർക്കാർ അടച്ചുപൂട്ടി. പാർട്ടി നേതാവ് റാഷിദ് ഗനൂശിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച ഓഫിസിൽ പൊലീസ് തിരച്ചിൽ നടത്തി. പാർട്ടിയുടെ മറ്റിടങ്ങളിലെ ഓഫിസുകളും പൊലീസ് അടച്ചുപൂട്ടുകയും പരിസരത്ത് യോഗങ്ങൾ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ആഗോള ഇസ്‍ലാമിക പ്രസ്ഥാനങ്ങളുടെ മുതിർന്ന നേതാവും പ്രമുഖ പണ്ഡിതനുമായ റാഷിദ് ഗനൂശിയെ തിങ്കളാഴ്ച വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 2021 ജൂലൈയിൽ പ്രസിഡന്റ് ഖൈസ് സൈദ് ചേംബർ പിരിച്ചുവിടുന്നതിനുമുമ്പ് തുനീഷ്യൻ പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായിരുന്നു അന്നഹ്ദ.
ഫെബ്രുവരി മുതൽ തുനീഷ്യൻ അധികൃതർ 20ലധികം പ്രതിപക്ഷ നേതാക്കളെയും പ്രമുഖ വ്യക്തികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ മന്ത്രിമാർ, വ്യവസായികൾ, തൊഴിലാളി സംഘടന നേതാക്കൾ, രാജ്യത്തെ ഏറ്റവും ജനപ്രിയ റേഡിയോ സ്റ്റേഷനായ മൊസൈഖ് എഫ്.എം ഉടമ നൂറുദ്ദീൻ ബൂതർ എന്നിവർ ഇതിൽ ഉൾപ്പെടും. ഇവർ രാജ്യസുരക്ഷക്കെതിരെ ഗൂഢാലോചന നടത്തിയ തീവ്രവാദികളാണെന്നാണ് പ്രസിഡന്റ് ഖൈസ് സൈദ് ആരോപിക്കുന്നത്.
എന്നാൽ, രാഷ്ട്രീയ എതിരാളികളെ തുറുങ്കിലടച്ച് ഏകാധിപത്യം സ്ഥാപിക്കാനാണ് പ്രസിഡന്റിന്റെ ശ്രമമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ഗനൂശിയെ ചോദ്യംചെയ്യാനായി പൊലീസ് ബാരക്കിലേക്ക് കൊണ്ടുപോയെന്നും അഭിഭാഷകരെ ഹാജരാക്കാൻ അനുവദിച്ചില്ലെന്നും അന്നഹ്ദ വൈസ് പ്രസിഡന്റ് മുൻദർ ലൂനിസി വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ ഇസ്‍ലാമിസ്റ്റുകളെയും ഇടതുപക്ഷക്കാരെയും ഉൾപ്പെടെ ഏതെങ്കിലും രാഷ്ട്രീയ കക്ഷികളെ ഒഴിവാക്കിയാൽ തുനീഷ്യ ആഭ്യന്തര യുദ്ധത്തെ അഭിമുഖീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഗനൂശിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.