പ്രധാനമന്ത്രിയെ പുറത്താക്കി; പാർലമെന്‍റ് പിരിച്ചുവിട്ടു- തുണീഷ്യയിൽ പ്രസിഡന്‍റിന്‍റെ 'ഭരണ അട്ടിമറി'
text_fieldsതൂണിസ്: സർക്കാറിനെതിരെ ജനം തെരുവിലിറങ്ങിയ തുണീഷ്യയിൽ നിലവിലെ പ്രധാനമന്ത്രിയെയും പാർലമെന്‍റിനെയും പിരിച്ചുവിട്ട് പ്രസിഡന്‍റ് ഖൈസ് സഈദ്. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ പരാജയവും സമ്പദ്വ്യവസ്ഥയുടെ തകർച്ചയും ചൂണ്ടിക്കാട്ടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഹിശാം മിശ്ശീശി നേതൃത്വം നൽകുന്ന മന്ത്രിസഭക്കെതിരെ പ്രക്ഷോഭം ശക്തമായതിനു പിന്നാലെയാണ് തന്‍റെ അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രിയെ മാത്രമല്ല, പാർലമെന്‍റും പിരിച്ചുവിടുകയാണെന്ന് പ്രസിഡന്‍റ് പ്രഖ്യാപിച്ചത്. പുതിയ പ്രധാനമന്ത്രിയുടെ സഹായത്തോടെ ഭരണം താൻ നിയന്ത്രിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ഇത് ഭരണ അട്ടിമറിയാണെന്ന് ഭരണകക്ഷി അന്നഹ്ദ ആരോപിച്ചു.
പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും പാർലമെന്‍റിനുമിടയിൽ അധികാരം വിഭജിച്ചുനൽകുന്ന ഭരണഘടനയുള്ള തുണീഷ്യ 2014നു ശേഷം േനരിടുന്ന ഏറ്റവും വലിയ ഭരണപ്രതിസന്ധിയാണിത്. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ ചേർന്ന അടിയന്തര യോഗത്തിനൊടുവിലായിരുന്നു പാർലമെന്‍റ് പിരിച്ചുവിടുകയാണെന്ന പ്രഖ്യാപനം. പാർലെമന്റ് അംഗങ്ങൾക്ക് നൽകിയ സംരക്ഷയും അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനുള്ള നിയമപരിരക്ഷയും ഇതോടൊപ്പം പിൻവലിക്കപ്പെട്ടിട്ടുണ്ട്.
പാർലമെന്‍റിലെ ഏറ്റവും വലിയ കക്ഷിയായ അന്നഹ്ദ, പ്രസിഡന്‍റിന്‍റെ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. ഭരണഘടനക്കും ജനകീയ വിപ്ലവത്തിനുമെതിരായ അട്ടിമറിയാണിതെന്ന് പാർലമെന്‍റ് സ്പീക്കർ കൂടിയായ അന്നഹ്ദ നേതാവ് റാശിദ് ഗനൂശി കുറ്റപ്പെടുത്തി.
പ്രസിഡന്‍റ് ഖൈസ് സഈദും പ്രധാനമന്ത്രി മിശ്ശീശും തമ്മിൽ ഒരു വർഷമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസം രൂക്ഷമായതിന്‍റെ തുടർച്ചയായാണ് പിരിച്ചുവിടൽ. പാർലമെന്‍റും പ്രസിഡന്‍റും 2019ലെ രണ്ട് വ്യത്യസ്ത തെരഞ്ഞെടുപ്പുകളിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചെറിയ കാലം മാത്രം നീണ്ടുനിന്ന ആദ്യമന്ത്രിസഭ അധികാരമൊഴിഞ്ഞതിനു പിറകെ കഴിഞ്ഞ വർഷമാണ് മിശ്ശീശ് അധികാരമേറിയത്. ഈ സർക്കാറിനെ പിരിച്ചുവിടുമെന്ന് നേരത്തെ പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകിയിരുന്നു.
1.2 കോടി ജനസംഖ്യയുള്ള തുണീഷ്യയിൽ കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നത് സമ്പദ്ഘടന തകർക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. മഹാമാരിക്കെതിരായ നടപടികളിൽ സർക്കാർ വൻവീഴ്ചയായെന്ന വ്യാപക വിമർശനവുമുയർന്നു. ഇതാണ് പ്രസിഡന്‍റിന്‍റെ ഇടപെടലിലെത്തിയത്. എന്നാൽ, പ്രസിഡന്‍റ് ഭരണമേറ്റാലും സ്ഥിതി മെച്ചമാകില്ലെന്നാണ് വിലയിരുത്തൽ. രാജ്യത്ത് സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയും ശക്തമാണ്.
േകാവിഡ് പിടിമുറുക്കിയ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾക്കിടെയും പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. 'ജൂലൈ 25 പ്രസ്ഥാനം' എന്ന പേരിൽ പുതുതായി രൂപംനൽകിയ സംഘടനയാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ 64ാം വാർഷികദിനത്തിലായിരുന്നു ബൂർഗിബ ചത്വരത്തിൽ സമരത്തുടക്കം. 10 വർഷം മുമ്പ് അറബ് വസന്തത്തിന് തുടക്കം കുറിച്ച അതേ വേദിയിൽ ആരംഭമായ പ്രതിഷേധം രാജ്യത്തെ എവിടെയെത്തിക്കുമെന്ന ഭീതിയാണ് ആശങ്കയുണർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.