152 മണിക്കൂർ; അവൻ പുറംലോകം കണ്ടു
text_fieldsഅങ്കാറ: വടക്കൻ സിറിയയെയും തെക്കൻ തുർക്കിയയെയും വിറപ്പിച്ച ഭൂകമ്പം ഒരാഴ്ച പിന്നിടുമ്പോഴും അത്ഭുത രക്ഷപ്പെടുത്തലുകൾ തുടരുന്നു. തെക്കൻ തുർക്കിയയിലെ ആദിയാമനിൽ 152 മണിക്കൂറിനുശേഷമാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഏഴു വയസ്സുകാരനെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തകർ കുട്ടിയെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. ഭൂകമ്പത്തിൽ ഇതുവരെ രക്ഷപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ സമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിഞ്ഞത് ഈ കുട്ടിയാണ്.
മറ്റൊരു സംഭവത്തിൽ തുർക്കിയയിലെ ഹത്തേയിൽ 35 വയസ്സുകാരനെ 149 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി.
മുസ്തഫ സൻഗുളാണ് ആറു ദിവസത്തോളം കെട്ടിടഭാഗങ്ങൾക്കടിയിൽ കഴിഞ്ഞശേഷം ജീവിതത്തിലേക്കു തിരികെവന്നത്. സാധാരണഗതിയിൽ ഭൂകമ്പം നടന്ന് 72 മണിക്കൂറിനുശേഷം ജീവനോടെ ആളുകളെ കണ്ടെത്തൽ അത്ഭുതകരമാണ്. എന്നാൽ, തുർക്കിയയിലും സിറിയയിലുമായി 150ഓളം പേരെയാണ് മൂന്നു ദിവസത്തിനുശേഷവും കണ്ടെത്തിയത്.
കൊടുംശൈത്യം അതിജീവിച്ച് നവജാതശിശുക്കളടക്കം ജീവനോടെ രക്ഷപ്പെട്ടത് രക്ഷാപ്രവർത്തകർക്ക് ആശ്വാസംപകരുന്നുണ്ട്. ഇതോടെ നായ്ക്കളെയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതൽ പേർക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
അതേസമയം, 48-72 മണിക്കൂർ കഴിഞ്ഞാൽ ആളുകൾ രക്ഷപ്പെടാൻ സാധ്യത വിരളമാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് മെഡിക്കൽ യൂനിറ്റ് മാനേജർ ഡോ. എവ്ജീനിയ സെലിക്കോവ പറഞ്ഞു. ശൈത്യത്തിനൊപ്പം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതയില്ലായ്മയും അതിജീവനസാധ്യത കുറക്കുമെന്നും അവർ പറഞ്ഞു.
‘വീണ്ടും ജീവിതത്തിലേക്കോ... അസാധ്യം’
ഡമസ്കസ്: ‘‘ഞാൻ മരിച്ചുകഴിഞ്ഞു, വീണ്ടും ജീവിക്കുകയെന്നത് അസാധ്യമാണെനിക്ക്’’ -അഞ്ചു ദിവസം ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ മരണം മണത്ത കിടപ്പിനുശേഷം രക്ഷപ്പെട്ട ഇബ്രാഹിം സകരിയ, സ്ഥലകാലബോധം വന്നുംപോയുമിരിക്കുന്നതിനിടയിൽ പറഞ്ഞു.
സിറിയൻ പട്ടണമായ ജബ് ലെഹിൽ തകർന്ന കെട്ടിടത്തിന്റെ അടിയിൽനിന്ന് രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചശേഷമാണ് 23കാരനായ ഈ മൊബൈൽ ഫോൺ കട ജീവനക്കാരൻ വെള്ളിയാഴ്ച രാത്രി ജീവിതത്തിലേക്കു തിരിച്ചുവന്നത്. ലടാക്കിയയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള സകരിയയും മാതാവ് ദുഹ നൂറുല്ലയും പതിയെ സുഖപ്പെട്ടുവരുകയാണ്.
തുർക്കിയ-സിറിയ ഭൂകമ്പബാധിത മേഖലകളിൽനിന്ന് അഞ്ചു ദിവസത്തിനുശേഷവും രക്ഷാപ്രവർത്തകർ ഇപ്പോഴും ജീവന്റെ തുടിപ്പുകൾ കണ്ടെത്തുന്ന അതിശയ വാർത്തകൾ പുറത്തുവരുകയാണ്.
തുർക്കി നഗരമായ കഹ്റാമൻമാരാസിൽ ഒരു കുടുംബത്തെയും അന്റാക്യയിൽ ഏഴു മാസമായ കുഞ്ഞിനെയും അടക്കം ശനിയാഴ്ച ഡസനിലേറെ പേരെ രക്ഷിച്ചിട്ടുണ്ട്. സിറിയൻ അതിർത്തിയിലെ നുർദാഗി നഗരത്തിൽ തകർന്ന കെട്ടിടത്തിൽനിന്ന് അഞ്ചംഗ കുടുംബത്തെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ഇസ്ലാഹിയെ പട്ടണത്തിൽനിന്ന് ഏഴു വയസ്സുകാരിയെയും രക്ഷിച്ചു.
എൽബിസ്താനിൽ 132 മണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മെലിസ ഉൾക്കുവെന്ന 29കാരിയെ പുറത്തെടുക്കവെ ആർപ്പുവിളികളോടെ ഓടിക്കൂടിയ ജനത്തെ പൊലീസ് അകറ്റിനിർത്തിയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ഹാത്തെയ് പ്രവിശ്യയിൽ 138 മണിക്കൂർ അകപ്പെട്ടുകിടന്ന 44കാരനെ ജീവനോടെ പുറത്തെടുത്തപ്പോൾ രക്ഷാപ്രവർത്തകർ കരച്ചിൽ അടക്കാൻ കഴിയാതെ ‘അത്ഭുതം, അത്ഭുതം’ എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതേ നഗരത്തിൽ 140 മണിക്കൂറിനുശേഷവും ഒരാളെ രക്ഷിച്ചുവെന്ന് പ്രാദേശിക ടി.വി റിപ്പോർട്ട് ചെയ്തു.
അതേസമയം, 50 മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെ പുറത്തെടുത്ത സൈനബ് കഹ്റാമൻ എന്ന വനിത കഴിഞ്ഞ ദിവസം രാത്രി ചികിത്സയിലിരിക്കെ മരിച്ചത് രക്ഷാ പ്രവർത്തകരെ സങ്കടത്തിലാഴ്ത്തി. ‘‘കുടുംബത്തിന് അവസാനമായി അവരോട് യാത്ര പറയാൻ കഴിഞ്ഞല്ലോ... ഒരിക്കൽകൂടി അവർക്ക് കാണാനും ഒന്നു കെട്ടിപ്പിടിക്കാനും കഴിഞ്ഞല്ലോ...’’ -രക്ഷാപ്രവർത്തകരിലൊരാൾ ഇടർച്ചയോടെ പറഞ്ഞു.
തുർക്കിയയിൽ പ്രാദേശികതലത്തിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ജർമനി, ഓസ്ട്രിയ സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെച്ചെങ്കിലും സൈനികകാവലിൽ പുനരാരംഭിച്ചിട്ടുണ്ട്. ഖത്തർ പ്രസിഡന്റ് ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുർക്കിയയിലെത്തി. ഭൂകമ്പത്തിനുശേഷം തുർക്കിയയിലെത്തുന്ന ആദ്യ രാഷ്ട്രത്തലവനാണ് ശൈഖ് തമീം.
തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പ ഇരകൾക്ക് താൽക്കാലിക വിസകൾ നൽകുമെന്ന് ജർമനി പ്രഖ്യാപിച്ചു. അടിയന്തര സഹായമെന്ന നിലയിലാണ് ജർമനിയിൽ ബന്ധുക്കളുള്ളവർക്ക് വിസ അനുവദിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി നാൻസി ഫേസർ പറഞ്ഞു.
തുർക്കിയയിലും സിറിയയിലുമായി ഒമ്പത് ലക്ഷം പേർക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കേണ്ടതുണ്ടെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. ആഭ്യന്തരയുദ്ധത്തിൽ തകർന്ന സിറിയയിൽ ഭൂകമ്പം കൂടി ബാധിച്ചതോടെ സ്ഥിതി അതിദയനീയമാണെന്നും ലോകത്തിന്റെ സഹായം ഏറ്റവും അനിവാര്യമായ സമയമാണെന്നും യു.എൻ അറിയിച്ചു. 53 ലക്ഷം പേർക്കാണ് താമസസൗകര്യം ഒരുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.